ഈ വീഴ്ചയ്ക്ക് പിഴ വേണം, കോച്ചിനെയും വെറുതെവിടരുത്-ഗാവസ്‌ക്കർ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്

മുംബൈ: അച്ചടക്കമില്ലാത്ത ബൗളിങ്ങാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ കൈയിൽ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. ബൗളർമാരുടെ ഈ അച്ചടക്കമില്ലായ്മയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ലിറ്റിൽ മാസ്റ്റർ സുനിൽ ഗാവസ്‌ക്കർ. ഇത്തരം നിരുത്തരവാദപരമായ പ്രകടനത്തിന് കളിക്കാർക്കും ബൗളിങ് കോച്ചിനും കനത്ത പിഴയിടണമെന്നും ഗാവസ്‌ക്കർ ആവശ്യപ്പെട്ടു. രവീന്ദ്ര ജഡേജയും സാരാൻശ് ജയിനുമെല്ലാം നിരവധി തവണയാണ് ലൈൻ സ്‌റ്റെപ്പ് ചെയ്ത് നോബോൾ എറിഞ്ഞത്. എന്നാൽ, കളിക്കാരുടെ ഈ വീഴ്ചയേക്കാൾ ഇതിനോടുള്ള ബൗളിങ് കോച്ച് സായിരാജ് ബഹുതുലെയുടെ പ്രതികരണമാണ് ഗാവസ്‌ക്കറെ ചൊടിപ്പിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും ഫ്രീഹിറ്റ് വേണം എന്ന് സംഭവത്തെ ലഘൂകരിക്കുന്ന മട്ടിലാണ് ബഹുതുലെ പ്രതികരിച്ചത്.

ഇന്ത്യൻ ബൗളർമാരുടെ നോബോൾ ശരിക്കും പ്രതികരണം അർഹിക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് ഗൗരവതരമായ പരിശോധന ആവശ്യമാണ്. ഒരു മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാൻ ഇതിന് കഴിയും. കളിയിൽ പൂർണമായും കളിക്കാരുടെ നിയന്ത്രണത്തിലുള്ള ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഒരു ബൗളർ നോബോൾ എറിയാതിരിക്കുന്നത്. റണ്ണപ്പ് അടയാളപ്പെടുത്താൻ ടേപ്പ് ലഭ്യമായ ഇക്കാലത്ത് ഇതുപോലെ ഓവർ സ്‌റ്റെപ്പ് ചെയ്യുന്നതിന് യാതൊരുവിധ ന്യായീകരണവുമില്ല. നോബോളിന് പിഴയായി ഫ്രീഹിറ്റ് നൽകിയാൽ ഈ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് ഇന്ത്യയുടെ സ്പിന്നിങ് കോച്ച് തമാശരൂപേണ പറഞ്ഞത്. ദയവുചെയ്ത് ടെസ്റ്റിൽ റൺ നേടുന്നത് ബാറ്റർമാർക്ക് എളുപ്പമുള്ള കാര്യമാക്കാതിരിക്കുക. ബൗൺസറുകളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ബൗണ്ടറികളുടെ അകലം കുറയ്ക്കുകയുമൊക്കെ ചെയ്തപ്പോഴാണ് ടെസ്റ്റിൽ റണ്ണെടുക്കൽ ആയാസരഹിതമായത്-മിഡ് ഡേയിൽ എഴുതിയ കോളത്തിൽ ഗാവസ്‌ക്കർ പറഞ്ഞു. ഈ തെറ്റ് ആവർത്തിച്ചാൽ പിഴശിക്ഷ ഇരട്ടിയാക്കുകയാണ് ഇത് തടയാനുള്ള ഒരു പോംവഴിയെന്നും ഗാവസ്‌ക്കർ നിർദേശിച്ചു. ബൗളർ അത് വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ബൗളിങ് കോച്ചിന് കൂടി പിഴ ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. ത്രോയ്ക്ക് ബാക്കപ്പ് നൽകാത്തതും ഇത്തരത്തിൽ പിഴശിക്ഷയുടെ പരിധിയിൽ കൊണ്ടുവരാവുന്നതാണെന്നും ഈ പിഴത്തുക വേണമെങ്കിൽ മത്സരശേഷമുള്ള ടീം ഡിന്നറിന് വിനിയോഗിക്കാമെന്നും ഗാവസ്‌ക്കർ കുറിച്ചു.

Content Highlights: Sunil Gavaskar criticizes Indian bowlers for indisciplined no-balls against Sri Lanka., Demands heavy fines for players and bowling coach Sairaj Bahutule for repeated errors., Dismisses Bahutule's casual joke about introducing free-hits in Test cricket., Suggests using fine money for post-match team dinners.