ശുഭദീപ് ഘോഷ് ഇന്ത്യയുടെ പുതിയ ഫീൽഡിങ് കോച്ച്

ന്യൂഡൽഹി: അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു. ടി. ദിലീപിന് പകരക്കാരനായാണ് ശുഭദീപ് ഘോഷ് എത്തുന്നത്. നേരത്തേ ദിലീപിന്റെ കരാർ നീട്ടാൻ ബിസിസിഐ തയ്യാറായിരുന്നില്ല.
സിംബാബ്‌വെ പര്യടനത്തിലാണ് ദിലീപ് ഇന്ത്യൻ ടീമിൽ നിന്ന് പടിയിറങ്ങിയത്. അടുത്തതായി ശീലങ്കയ്‌ക്കെതിരേ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയുണ്ട്. ശുഭ്ദീപ് ഘോഷ് ഇന്ത്യൻ പരിശീലകസംഘത്തിന്റെ ഭാഗമായശേഷമുള്ള ആദ്യപരമ്പര കൂടിയാകുമിത്. 57-കാരനായ ഘോഷ് 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അസം സീനിയർ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു.
കരാർ അവസാനിച്ചെങ്കിലും ടി. ദിലിപിന് ഒരു വർഷത്തെ അധിക കാലാവധി നൽകുകയായിരുന്നു. പിന്നീട് കരാർ നീട്ടെണ്ടെന്ന തീരുമാനത്തിലാണ് ബിസിസിഐ എത്തിയത്. സഹപരിശീലകനായ ടെൻ ഡൊഷേറ്റും സ്ഥാനമൊഴിഞ്ഞിരുന്നു. ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായി എത്തിയതിന് പിന്നാലെയാണ് ടെൻ ഡൊഷേറ്റ് അസിസ്റ്റന്റ് കോച്ചായി വന്നത്. ബാറ്റിങ്, ഫീൽഡിങ് വിഭാഗങ്ങളിൽ ഗംഭീറിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഡൊഷേറ്റിന് സാധിച്ചു. 2025 ഏഷ്യാകപ്പ്, 2026 ടി20 ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളികളായി.
Content Highlights: Subhadeep Ghosh replaces T. Dilip as India's Fielding Coach, Ghosh brings experience as former Assam senior team head coach