17 വർഷത്തെ പരിശീലനം, 5 IPL കിരീടങ്ങൾ; സ്റ്റീഫൻ ഫ്ളമിങ് CSK വിട്ടു, പടിയിറങ്ങിയത് ടീമിന്റെ തന്ത്രജ്ഞൻ

#സ്പോർട്സ് ഡെസ്ക്
സ്റ്റീഫൻ ഫ്ളെമിങ് | Getty Images
സ്റ്റീഫൻ ഫ്ളെമിങ് | Getty Images

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞ് മുൻ ന്യൂസീലൻഡ് താരം സ്റ്റീഫൻ ഫ്‌ളമിങ്. കഴിഞ്ഞ 18 വർഷമായി ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം തുടർന്ന ഫ്‌ളമിങ്, ക്ലബ്ബുമായുള്ള പരസ്പരധാരണയിൽ പിരിയുകയായിരുന്നു. 2008-ൽ സി.എസ്.കെ.യിൽ കളിക്കാരനായി വന്ന അദ്ദേഹം, 2009-ൽ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. 2026 വരെയുള്ള 17 വർഷം ക്ലബ്ബിന്റെ പരിശീലകനായി തുടർന്നു.

ഐ.പി.എലിലെ ഏറ്റവും ദീർഘവും വിജയകരവുമായ കൂട്ടുകെട്ടിലൊന്നിന് അന്ത്യംകുറിച്ചുകൊണ്ട്, സി.എസ്.കെ.യും ഫ്‌ളമിങ്ങും പരസ്പര ധാരണയിൽ പിരിയാൻ തീരുമാനിച്ചതായി ക്ലബ്ബ് തങ്ങളുടെ വെബ്‌സൈറ്റിൽ ഔദ്യോഗിക പ്രസ്താവനയായി അറിയിച്ചു. ഇരുവരും പരസ്പര ബഹുമാനത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്നും ക്ലബ്ബ് വ്യക്തമാക്കി.

കായികരംഗത്ത് 18 വർഷമെന്നത് ഒരായുഷ്‌കാലംതന്നെയാണെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഫ്‌ളമിങ് പറഞ്ഞു. 'നിറഞ്ഞ കൃതജ്ഞതയോടെയാണ് പടിയിറങ്ങുന്നത്. ചെന്നൈക്കൊപ്പമുള്ള പരിശീലനക്കാലയളവ് കരിയറിലെ മിന്നുന്ന അധ്യായമാണ്. കൈവരിച്ച നേട്ടങ്ങളിലെല്ലാം അഭിമാനം. ഞങ്ങളൊരുമിച്ച് ആഘോഷിച്ച അവിസ്മരണീയമായ കുറെ വിജയങ്ങൾ, ഒരുമിച്ച് തരണംചെയ്ത പ്രതിസന്ധികൾ, ഒരുമിച്ച് കെട്ടിപ്പടുത്ത ഓർമകൾ... അവയൊക്കെയും എന്നെന്നും കൂടെ നിലനിൽക്കും. സി.എസ്.കെ. എന്റെ ഹൃദയത്തിലാണ്. വരുംവർഷങ്ങളിലും ടീമിനെ നെഞ്ചോടു ചേർക്കും - ഫ്‌ളമിങ് പറഞ്ഞു.

പരിശീലകനെന്ന നിലയിൽ ചെന്നൈക്ക് അഞ്ച് ഐ.പി.എൽ. കിരീടങ്ങൾ നേടിക്കൊടുത്തു. 2010, 2011 വർഷങ്ങളിൽ തുടർച്ചയായും, 2018, 2021, 2023 വർഷങ്ങളിലും ടീമിനെ കിരീടവിജയത്തിലേക്ക് നയിച്ചു. പുറമേ രണ്ടുതവണ ചാമ്പ്യൻസ് ലീഗ് കിരീടവും ടീം ഇക്കാലയളവിനിടെ നേടി. ഐ.പി.എൽ. കിരീടം നിലനിർത്തിയ ആദ്യ ടീം ചെന്നൈയാണ്. 2023-ന് ശേഷം ടീമിന് പക്ഷേ, ലീഗിൽ കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. പത്താംസ്ഥാനത്തായാണ് 2025 സീസൺ അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ സീസണിൽ 12 പോയിന്റുമായി എട്ടാംസ്ഥാനത്തായിരുന്നു. ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് 2016, 2017 സീസണുകളിൽ ടീം വിലക്ക് നേരിടുകയും ചെയ്തിരുന്നു.