ജയം ഇന്നിങ്‌സിനും 154 റണ്‍സിനും; 15 വര്‍ഷത്തിനിടെ കിവീസിനെതിരായ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി ലങ്ക

Photo: AFP
Photo: AFP

ഗാലെ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ശ്രീലങ്ക. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കിവീസിനെ ഇന്നിങ്‌സിനും 154 റണ്‍സിനും തകര്‍ത്താണ് ലങ്കയുടെ പരമ്പര നേട്ടം. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചിന് 602 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ലങ്ക, കിവീസിനെ ഒന്നാം ഇന്നിങ്‌സില്‍ വെറും 88 റണ്‍സിന് പുറത്താക്കി ഫോളോ ഓണിനയക്കുകയായിരുന്നു. 514 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണിനിറങ്ങിയ കിവീസിനെ 360 റണ്‍സിന് പുറത്താക്കിയാണ് ലങ്ക ഇന്നിങ്‌സ് ജയവും പരമ്പരയും സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ ലങ്ക 63 റണ്‍സിന് ജയിച്ചിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ശ്രീലങ്ക, ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 1998-ന് ശേഷം കിവീസിനെതിരേ ലങ്ക ഇന്നിങ്‌സ് ജയം നേടുന്നതും ഇതാദ്യം.

രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഭാത് ജയസൂര്യയും നിഷാന്‍ പെയ്‌രിസുമാണ് കിവീസിനെ തകര്‍ത്തത്. 

ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനായി എന്ന് കിവീസിന് ആശ്വസിക്കാം. ഡെവോണ്‍ കോണ്‍വെ (61), കെയ്ന്‍ വില്യംസണ്‍ (46), ടോം ബ്ലണ്‍ഡെല്‍ (60), ഗ്ലെന്‍ ഫിലിപ്പ്‌സ് (78), മിച്ചെല്‍ സാന്റ്‌നര്‍ (67) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി പൊരുതിയത്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി കുറിച്ച കാമിന്ദു മെന്‍ഡിസാണ് കളിയിലെ താരം. പരമ്പരയില്‍ മികച്ച ബൗളിങ് പുറത്തെടുത്ത പ്രഭാത് ജയസൂര്യ പരമ്പരയുടെ താരമായി. 

ഏഷ്യന്‍ മണ്ണില്‍ ലങ്കയോട് തകര്‍ന്ന കിവീസിന്റെ അടുത്ത എതിരാളികള്‍ ഇന്ത്യയാണ്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് ഒക്ടോബര്‍ 16-ന് തുടക്കമാകും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Content Highlights: Sri Lanka clinched a dominant victory over New Zealand in the Galle Test, winning the series 2-0