ഹര്‍ഭജന്റെ ടീമിനെതിരേ ശ്രീശാന്തിന്റെ മിന്നും ബൗളിങ്; ഒരോവറില്‍ രണ്ടുറണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ്

ശ്രീശാന്ത് | X.com/FanCode
ശ്രീശാന്ത് | X.com/FanCode

അബുദാബി; അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ ബൗളിങ്ങുമായി മലയാളി താരം ശ്രീശാന്ത്. ടൂര്‍ണമെന്റില്‍ വിസ്ത റൈഡേഴ്‌സിന്റെ നായകനായ ശ്രീശാന്ത്, ആസ്പിന്‍ സറ്റാലിയന്‍സിനെതിരേയാണ് മിന്നിച്ചത്. ഒരു ഓവറില്‍ രണ്ട് റണ്‍സ് വിട്ടുകൊടുത്ത ശ്രീശാന്ത് രണ്ടുവിക്കറ്റുമെടുത്തു.

മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിസ്ത റൈഡേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുത്തു. 12 പന്തില്‍ 29 റണ്‍സെടുത്ത ഡ്വെയിന്‍ പ്രിട്ടോറിയസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. സ്റ്റാലിയന്‍സിനായി സൊഹൈര്‍ ഇഖ്ബാല്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഷ്മീദ് നെഡ്, ബിനുറ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്പിന്‍ സ്റ്റാലിയന്‍സ് തുടക്കത്തില്‍ തന്നെ പതറി. എറിഞ്ഞ ആദ്യ ഓവര്‍ തന്നെ ശ്രീശാന്ത് രണ്ടുവിക്കറ്റെടുത്തു. ആദ്യ പന്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയ താരം നാലാം പന്തില്‍ അവ്ഷിക ഫെര്‍ണാണ്ടോയെയും പുറത്താക്കി. ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് താരം വിട്ടുകൊടുത്തത്.

19 പന്തില്‍ 35 റണ്‍സെടുത്ത് ബെന്‍ കട്ടിങ് പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. ഹര്‍ഭജന്‍ സിങ്ങാണ് സ്റ്റാലിയന്‍സ് നായകന്‍. ശ്രീശാന്തിന് പുറമേ ആന്‍ഡ്രൂ ടൈയും രണ്ട് വിക്കറ്റെടുത്ത് തിളങ്ങി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശ്രീശാന്താണ്.

Content Highlights: sreesanth performance abu dhabi t10 cricket