കളിതീരാന്‍ 3 മിനിറ്റ്, ജയിക്കാന്‍ വേണ്ടത് ഒരുവിക്കറ്റ്; 13 പേരെ ഒറ്റ ഫ്രെയിമിലാക്കിയ ഫീല്‍ഡിങ്

Photo: x.com
Photo: x.com

നിര്‍ണായക സമയത്ത് വിക്കറ്റെടുക്കാന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍മാര്‍ പല വഴികളും പരീക്ഷിക്കാറുണ്ട്. ബൗളര്‍മാരെ മാറിമാറി പരീക്ഷിക്കുന്നതിനൊപ്പം ഫീല്‍ഡിങ് വിന്യാസവും ഇതില്‍ പ്രധാനമാണ്. ഇത്തരത്തില്‍ ഒരു ഫീല്‍ഡിങ് വിന്യാസം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

ഇംഗ്ലീഷ് കൗണ്ടിയില്‍ സോമര്‍സെറ്റ് - സറേ മത്സരത്തിനിടെയായിരുന്നു അത്യന്തം ആവേശകരമായ ഈ സംഭവം. അവസാന ദിനത്തിലെ മത്സരം അവസാനിക്കാന്‍ വെറും മൂന്നു മിനിറ്റ് ശേഷിക്കേ ജയത്തിലേക്ക് ഒരു വിക്കറ്റ് മാത്രം അകലെയായിരുന്നു സോമര്‍സെറ്റ്. ക്രീസില്‍ സറേയുടെ ഡാനിയല്‍ വോറാള്‍. പന്തെറിയുന്നതാകട്ടെ ആഷസിലെ ഇത്തരമൊരു ആവേശകരമായ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സിനൊപ്പം ക്രീസില്‍ ഉറച്ചുനിന്ന ജാക്ക് ലീച്ചും. 

ഇത്തവണയും ലീച്ചിന് മറ്റൊരു നിര്‍ണായക റോളിലായിരുന്നു. സോമര്‍സെറ്റ് ക്യാപ്റ്റന്‍ ലൂയിസ് ഗ്രിഗറി തന്റെ ഫീല്‍ഡര്‍മാരെ മുഴുവന്‍ ഡാനിയല്‍ വോറാളിന് ചുറ്റും അണിനിരത്തി. ഒരു ഫ്രെയിമില്‍ സോമര്‍സെറ്റിന്റെ 11 കളിക്കാരും സറേയുടെ രണ്ട് ബാറ്റര്‍മാരും പ്രത്യക്ഷപ്പെട്ടു. ലീച്ചിന്റെ ഒരു ഓഫ് കട്ടര്‍ മത്സരത്തിന്റെ വിധിയെഴുതി. വോറാളിന് പിഴച്ചു, പന്ത് വന്നിടിച്ചത് പാഡില്‍. സോമര്‍സെറ്റ് താരങ്ങളുടെ അപ്പീലിന് പിന്നാലെ അമ്പയറുടെ വിരലുയര്‍ന്നു. സോമര്‍സെറ്റിന് 111 റണ്‍സിന്റെ ജയം.

മൂന്നിന് 95 റണ്‍സെന്ന നിലയില്‍നിന്നാണ് സറേ തകര്‍ന്നത്. അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയ ലീച്ചും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്റെ മകന്‍ ആര്‍ച്ചി വോണുമാണ് സറേയെ തകര്‍ത്തത്. രണ്ട് ഇന്നിങ്‌സിലുമായി ആര്‍ച്ചി വോണ്‍ 11 വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് ഒന്നാം ഇന്നിങ്‌സില്‍ 317 റണ്‍സിന് പുറത്തായിരുന്നു. ഇതിന് മറുപടിയായി സറേ 321 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങി. സോമര്‍സെറ്റ് 224 റണ്‍സ് നേടിയതോടെ സറേയുടെ വിജയലക്ഷ്യം 221 ആയി. പക്ഷേ 109 റണ്‍സിന് ടീം ഓള്‍ഔട്ടായി.

Content Highlights: Somerset pulled off a dramatic win against Surrey in the English County Championship