ഹർമൻപ്രീത് കൗറിന് പിൻഗാമി; സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ ബി.സി.സി.ഐ. നിയമിച്ചു. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ബി.സി.സി.ഐ. പ്രഖ്യാപനം.
2013 മുതൽ ഇന്ത്യൻ ടീമിലെ സജീവ സാന്നിധ്യമായ സ്മൃതി മന്ദാനയ്ക്ക് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തര ലീഗുകളിലും നായക പരിചയമുണ്ട്. വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യു.പി.എൽ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 2024-ലും 2026-ലും കിരീടത്തിലേക്ക് നയിക്കാൻ സ്മൃതിക്ക് സാധിച്ചു. 18 ട്വന്റി-20 മത്സരങ്ങളിലും നാല് ഏകദിനങ്ങളിലും സ്മൃതി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം വഹിച്ചിട്ടുണ്ട്.
പത്തു വർഷത്തോളം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിച്ച ശേഷമാണ് എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ രാജിവെച്ചിരിക്കുന്നത്. ഗുവാഹത്തിയിൽ വെച്ച് നടന്ന ബി.സി.സി.ഐ. റിവ്യൂ യോഗത്തിന് ശേഷമായിരുന്നു താരത്തിന്റെ തീരുമാനം. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർമൻപ്രീത് കൗർ തീരുമാനമറിയിച്ചത്. 'ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഫോർമാറ്റുകളിലെയും നായിക സ്ഥാനത്തുനിന്ന് ഞാൻ ഇന്ന് പടിയിറങ്ങുന്നു' എന്ന് അവർ കുറിച്ചു.
Content Highlights: Smriti Mandhana has been appointed as the new captain of the Indian Women's Cricket Team. The decision was announced by the BCCI following Harmanpreet Kaur stepping down from captaincy. Smriti Mandhana previously led Royal Challengers Bengaluru to WPL titles in 2024 and 2026. She has prior experience leading India in 18 T20Is and four ODI matches.