അവസാന ഷോട്ട് സിക്‌സ്, എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ്; അവിസ്മരണീയം ബ്രോഡിന്റെ വിടവാങ്ങല്‍

ലണ്ടൻ: ആഷസിലെ ആവേശപോരില്‍ ടീമിന് അവിശ്വസനീയ വിജയം നേടാന്‍ പങ്കാളിത്തം വഹിച്ചതിനൊപ്പം തന്റെ വിടവാങ്ങലും അവിസ്മരണീയമാക്കി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. തന്റെ അവസാന ടെസ്റ്റ് കരിയറില്‍ നേരിട്ട അവസാന പന്തില്‍ സിക്‌സര്‍ പറത്തിയും അവസാനമായി എറിഞ്ഞ പന്തില്‍ വിക്കറ്റും സ്വന്തമാക്കി അപൂര്‍വ്വ നേട്ടത്തോടെയാണ് ബ്രോഡ് വിടവാങ്ങല്‍ നടത്തിയിരിക്കുന്നത്.
സമനില പിടിക്കാന്‍ പൊരുതിയ ഓസീസ് വാലറ്റത്തെ അവസാന രണ്ട് വിക്കറ്റും പിഴുതാണ് ബ്രോഡ് വിജയം സമ്മാനിച്ച് കരിയര്‍ അവസാനിപ്പിച്ചത്. 20.4 ഓവറില്‍ 62 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റോടെ ബ്രോഡ് തന്റെ സ്‌പെല്‍ അവസാനിപ്പിച്ചു.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് താരങ്ങള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറോടെ ബാറ്റിങ്ങിനിറങ്ങിയ ബ്രോഡ് കരിയറില്‍ നേരിട്ട അവസാന പന്ത് സിസ്‌കസറടിച്ച് വിരമിക്കലിന് കൂടുതല്‍ മധുരം നല്‍കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് ബ്രോഡ് സിക്‌സറിന് പറത്തിയത്. അടുത്ത ഓവറില്‍ ഇംഗ്ലണ്ടിന്റെ പത്താം വിക്കറ്റായി ആന്‍ഡേഴ്‌സണ്‍ പുറത്തായി. ഇതോടെ നോട്ടൗട്ടോടെ തന്നെ ബ്രോഡ് ടെസ്റ്റ് ബാറ്റിങ് കരിയര്‍ അവസാനിപ്പിച്ചു.
ചരിത്രത്തിലെ ഏറ്റവുംമികച്ച ബൗളര്‍മാരിലൊരാളായിട്ടാണ് ബ്രോഡിന്റെ വിടവാങ്ങല്‍. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനുശേഷം ടെസ്റ്റില്‍ 600 വിക്കറ്റ് നേടുന്ന രണ്ടാം പേസ് ബൗളറായി. അഞ്ചാം ആഷസ് ടെസ്റ്റിലെ മൂന്നാംദിനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ്, 37-കാരന്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള ക്രിക്കറ്റ് ഇതിഹാസങ്ങള്‍ ബ്രോഡിന് ആശംസകളറിയിച്ചു. 'അസാധരണമായ ഒരു കരിയര്‍ അവസാനിക്കുന്നു' എന്നാണ് സച്ചിന്‍ വിശേഷിപ്പിച്ചത്.
'നിങ്ങളുടെ കഠിനമായ സ്‌പെല്ലുകളും അചഞ്ചലമായ അര്‍പ്പണബോധവും ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലവും പതിഞ്ഞിരിക്കും. നിങ്ങളുടെ കരിയറിന് അനുയോജ്യമായ ഒരു അവസാനമാണ് ഉണ്ടായിരിക്കുന്നത്. ജീവിതത്തിലെ അടുത്ത ഇന്നിംഗ്സ് ആസ്വദിക്കൂ!' സച്ചിന്‍ ട്വീറ്ററില്‍ കുറിച്ചു.
His final ball faced in Test Cricket? 🤔
A MASSIVE six! ❤️@StuartBroad8 🙌 pic.twitter.com/jHg99Q2nAi
— England Cricket (@englandcricket) July 30, 2023