കോലിയും മലിംഗയും ഒരു ടീമില്‍, ലോക ഇലവനെ നേരിടാന്‍ ഇന്ത്യയില്‍ നിന്ന് ആറുപേര്‍

ധാക്ക: ലോക ഇലവനെതിരേ കളിക്കാനുള്ള ഏഷ്യന്‍ ഇലവന് ടീമില്‍ ഇന്ത്യയില്‍ നിന്ന് വിരാട് കോലിയടക്കം ആറുപേര്‍. ബംഗ്ലാദേശ് രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബംഗ്ലാദേശാണ് ലോക ഇലവനും ഏഷ്യന്‍ ഇലവനും തമ്മിലുള്ള രണ്ട് ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കോലി, ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയില്‍ നിന്ന് ഏഷ്യന്‍ ഇലവനായി കളിക്കുന്നത്.
ഇതില്‍ രാഹുല്‍ ഒരു മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടംപിടിച്ചത്.
എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലി കളിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. ന്യൂസീലന്‍ഡില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം അത് കഴിഞ്ഞാല്‍ സ്വന്തം നാട്ടില്ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കും. മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് പരമ്പര. 29 ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും തുടക്കമാവും. നിലവില്‍ മാര്‍ച്ച് 18 നും 21 നുമാണ് ലോക ഇലവന്- ഏഷ്യന്‍ ഇലവന് മത്സരം നിശ്ചയിച്ചിട്ടുള്ളത്.
ബംഗ്ലാദേശില്‍ നിന്ന് മുഷ്ഫിഖര്‍ റഹിം, ലിട്ടന്‍ ദാസ്, തമീം ഇഖ്ബാല്‍ എന്നിവരും ടീമിലുണ്ട്. അഫ്ഗാനിസ്താനിലെ റാഷിദ് ഖാന്, മുജീബുര്‍ റഹ്മാന്, ശ്രിലങ്കയില്‍ നിന്നുള്ള തിസാര പെരേര, ലസിത് മലിംഗ എന്നിവരും കളിക്കും. നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയും ഇടം കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Six India cricketers included in Asia XI for T20I series against World XI
Content Highlights: