'അനായാസ റൺഔട്ട് അവസരം നഷ്ടപ്പെടുത്തി, ഇത് ഒത്തുകളി തന്നെ'-ട്വന്റി 20 ടൂർണമെന്റിൽ വിവാദം

ഷാർജ: ഐഎൽ ട്വന്റി 20 ടൂർണമെന്റിൽ ദുബായ് ക്യാപിറ്റൽസും ഷാർജ വാരിയേഴ്സും തമ്മിലുള്ള മത്സരത്തിൽ റൺഔട്ട് അവസരം നഷ്ടപ്പെടുത്തിയ സിംബാബ്വെ താരം സിക്കന്ദർ റാസ വിവാദത്തിൽ. ദുബായ് ക്യാപിറ്റൽസിന്റെ ബാറ്റിങ്ങിനിടെയാണ് ഷാർജ താരമായ റാസ അനായാസമായി റൺഔട്ട് നഷ്ടപ്പെടുത്തിയത്.
ദുബായ് ക്യാപിറ്റൽസിന്റെ ഇന്നിങ്സിലെ ഏഴാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. മാക്സ് ഹോൾഡറായിരുന്നു ക്രീസിൽ. ഹോൾഡറുടെ ഷോട്ട് കവർ പൊസിഷനിലുണ്ടായിരുന്ന ഫീൽഡർ മികച്ച രീതിയിൽ തടുത്തിട്ടു. അപ്പോഴേക്കും നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ഫാഫ് ഡുപ്ലെസിസ് സിംഗിളിനായി ഓടിത്തുടങ്ങിയിരുന്നു. അപകടം മനസ്സിലാക്കിയ ഡുപ്ലെസിസ് തിരിച്ചോടി. അപ്പോഴേക്കും ഫീൽഡർ പന്ത് റാസയുടെ കൈയിലെത്തിച്ചിരുന്നു. സ്റ്റമ്പിലെ ബെയ്ൽസ് തെറിപ്പിച്ചാൽമാത്രം മതിയായിരുന്നു. എന്നാൽ പന്ത് കൈയിലെത്തിയശേഷം റാസ സ്റ്റമ്പ് ചെയ്യാൻ സമയമെടുത്തു. അപ്പോഴേക്കും ഡൈവിങ്ങിലൂടെ ഡുപ്ലെസിസ് ക്രീസിലെത്തി. താരത്തിന്റെ തോളിന് പരിക്കേൽക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റാസയ്ക്കെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തി. എങ്ങനെയാണ് ബാറ്ററെ കാണാൻ കഴിയാതെ പോയതെന്നും ഇത് ഒത്തുകളിയാണെന്ന് തോന്നുന്നുവെന്നും ചിലർ കുറിച്ചു. സമയോചിതമായ ബുദ്ധിയോ വിവേകമോ ഇല്ലെന്നായിരുന്നു മറ്റൊരു കമന്റ്.
മത്സരത്തിൽ ഷാർജ വാരിയേഴ്സ് ദുബായ് ക്യാപ്റ്റൽസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ദുബായ് 126 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഷാർജ 13 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Content Highlights: Sikandar Raza missed an easy run-out chance against Dubai Capitals in the ILT20 tournament., Faf du Plessis managed to return to the crease safely after Raza delayed breaking the stumps., The video went viral on social media, triggering match-fixing allegations from fans., Sharjah Warriors defeated Dubai Capitals by seven wickets in the match.