'പന്തിന്റെ ഗുണനിലവാരത്തിൽ സംശയം, ഇപ്പോഴും പന്തിൽ ഉമിനീർ പുരട്ടാൻ അനുവദിക്കാത്തത് എന്താണ്?'- ശുഭ്മാൻ ഗിൽ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: AFP
Photo: AFP

വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെ പന്തിന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. ടെസ്റ്റിൽ പന്ത് വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും 25-30 ഓവറുകൾക്ക് ശേഷം ആദ്യ പന്ത് വളരെ മൃദുലമായി മാറിയെന്നും ഗിൽ ചൂണ്ടിക്കാട്ടുന്നു. പന്തിൽ ഉമിനീർ ഉപയോഗിക്കാൻ ടീമുകളെ അനുവദിക്കണമെന്നും ഗിൽ കൂട്ടിച്ചേർത്തു.

'ഒരു പന്ത് തീർച്ചയായും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. 25-30 ഓവറുകൾക്ക് ശേഷം ഞങ്ങളുടെ ആദ്യ പന്ത് വളരെ മൃദുലമായി മാറി. മറ്റേ ടീമും ഇതേ പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും ഇതേ സാഹചര്യമുണ്ടായിട്ടുണ്ട്. പന്തുകളുടെ ഗുണനിലവാരം കുറഞ്ഞതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നറിയില്ല. പന്ത് മുദുലമാകുന്നതിന് ഒപ്പം തന്നെ

പിച്ചിൽ നിന്ന് യാതൊരു സഹായവുമില്ലെങ്കിൽ ബൗളർമാർക്ക് വിക്കറ്റ് വീഴ്ത്തുക എന്നത് വളരെ ബുദ്ധിമുട്ടായി മാറുന്നു. എഡ്ജുകൾ വിക്കറ്റ് കീപ്പർക്കടുത്തേക്ക് എത്തുന്നില്ല. പിച്ചിൽ ആവശ്യത്തിന് മൂവ്‌മെന്റ് ഇല്ലെങ്കിൽ പിന്നെ നിങ്ങളുടെ പക്കലുള്ളത് എൽബിഡബ്ല്യുവോ ബൗൾഡുകളോ മാത്രമായിരിക്കും.'- ഗിൽ വ്യക്തമാക്കി.

ഉമിനീർ ഉപയോഗിച്ച് പന്തുകൾ മിനുക്കാൻ ഇപ്പോഴും അനുവദിക്കാത്തത് എന്താണെന്നും ഗിൽ ചോദിച്ചു. 'എന്തുകൊണ്ടാണ് പന്ത് മിനുക്കാൻ അനുവദിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നമ്മൾ കോവിഡ് കാലം എപ്പോഴേ പിന്നിട്ടുകഴിഞ്ഞു. പന്ത് മിനുക്കാൻ അതിൽ ഉമിനീർ പുരട്ടാൻ പാടില്ല എന്നൊരു നിയമമുണ്ടായിരുന്നു. ഏഴെട്ട് വർഷമായിട്ടും എന്തുകൊണ്ടാണ് അവർ അതിന് അനുവാദം നൽകാത്തതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. ഇതും ഒരു വലിയ ഘടകമാണെന്ന് ഞാൻ കരുതുന്നു.'-ഗിൽ വ്യക്തമാക്കി.

ന്യൂസീലൻഡിനെ രണ്ടാം ഇന്നിങ്‌സിൽ പുറത്താക്കാൻ ബൗളർമാർക്ക് ഏകദേശം 135 ഓവറുകൾ നൽകിക്കൊണ്ട് ഇന്ത്യ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് നാലാം ദിവസം 352 റൺസ് ലീഡോടെ ഡിക്ലയർ ചെയ്തിരുന്നു. എന്നാൽ ബൗളർമാർക്ക് യാതൊരുവിധ പിന്തുണയും നൽകാത്ത പിച്ചിൽ അവർക്ക് അഞ്ച് വിക്കറ്റുകൾ മാത്രമേ വീഴ്ത്താൻ കഴിഞ്ഞുള്ളൂ. സിറാജിനെ ഒഴിവാക്കിയത് കഠിനമായ തീരുമാനമായിരുന്നെന്നും ഇന്ത്യക്കായി കളിക്കുന്നതിന് മുമ്പ് തന്നെ തങ്ങൾ സുഹൃത്തുക്കളാണെന്നും ഗിൽ വ്യക്തമാക്കി.

'ഈ മത്സരത്തിനായി ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ബൗളിംഗ് നിരയെയാണ് ഞങ്ങൾ കളിപ്പിച്ചത് എന്ന് ഞാൻ കരുതുന്നു. മത്സരത്തിന് മുമ്പ് പ്ലെയിങ് ഇലവനിലുണ്ടാകില്ലെന്ന് അവനെ അറിയിച്ചിരുന്നു. അവന് അത് മനസിലാക്കുകയും ചെയ്തു. തിരിച്ചുവന്ന് ടീമിനായി നന്നായി ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന പ്രകൃതക്കാരനാണ് അവൻ.'-ഗിൽ കൂട്ടിച്ചേർത്തു.

Content Highlights: Shubman Gill defended the tough decision to drop Mohammed Siraj for the first Test against New Zealand., Gill blamed lifeless pitches and poor ball quality for the lack of wickets in Wellington., The Indian captain called for authorities to allow players to use saliva on the ball again post-Covid., The match ended in a draw after India failed to bowl out New Zealand on the final day.