ഒത്തുകളി വിവാദം, പെട്ടെന്നുള്ള പിന്മാറ്റം; പിന്നാലെ BPL-ലേക്ക് എത്തുന്നതായി അറിയിച്ച് ഷുഐബ് മാലിക്

Photo | twitter.com/saifahmed75
Photo | twitter.com/saifahmed75

ധാക്ക: ഒത്തുകളി വിവാദങ്ങള്‍ക്കിടെ പാകിസ്താന്‍ താരം ശുഐബ് മാലിക് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് (ബി.പി.എല്‍.) തിരിച്ചെത്തുന്നു. ബി.പി.എല്‍. ടീമായ ഫോര്‍ച്യൂണ്‍ ബാരിഷലിനൊപ്പം ഫെബ്രുവരി രണ്ടിന് താരം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി മൂന്നിന് ഖുല്‍ന ടൈഗേഴ്‌സിനെതിരേ മത്സരിക്കും. 

ജനുവരി 22-ന് ഖുല്‍ന ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ മൂന്ന് നോബോളുകള്‍ എറിഞ്ഞിരുന്നു ഷുഐബ് മാലിക്. ഇതില്‍ ഒത്തുകളി സംശയമുണര്‍ത്തി പലരും രംഗത്തുവന്നു. ഇതിനിടെ ടീമില്‍നിന്ന് താത്കാലികമായി ശുഐബ് വിട്ടുനില്‍ക്കുന്ന വാര്‍ത്തയും പുറത്തുവന്നു. ശുഐബുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു എന്നുവരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. 

എന്നാല്‍ ഇതിനെതിരെയെല്ലാം ശുഐബ് തന്നെ രംഗത്തുവന്നു. ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ക്യാപ്റ്റന്‍ തമീം ഇഖ്ബാലുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണെന്നും ദുബായില്‍ നേരത്തേ ഏറ്റ മാധ്യമ പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ഷുഐബ് പറഞ്ഞിരുന്നു.
 

Content Highlights: shoaib malik bangladesh premier league fortune barishal