ഇന്ത്യക്കെതിരേ കളിക്കാൻ രഹസ്യമായി കുത്തിവെപ്പെടുത്തു, സച്ചിന്റെ വിക്കറ്റിനായി പന്തയംവെച്ചു- അക്തർ

#സ്പോർട്സ് ഡെസ്ക്
ഷുഐബ് അക്തർ | Photo: AP
ഷുഐബ് അക്തർ | Photo: AP

ന്യൂഡൽഹി: ഇന്ത്യ-പാക് പോരാട്ടത്തിലെ ശ്രദ്ധേയ മുഖാമുഖങ്ങളിലൊന്നായിരുന്നു സച്ചിൻ തെണ്ടുൽക്കറും ഷുഐബ് അക്തറും തമ്മിലുള്ളത്. 1990-കളിൽ ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരുന്നതായിരുന്നു ഇത്. അക്തറിന്റെ പന്തും സച്ചിന്റെ ബാറ്റിങ്ങും ആ കാലത്തെ പ്രധാന കാഴ്ചയായിരുന്നു. ഇപ്പോഴിതാ അന്നത്തെ മത്സരത്തിനിടയ്ക്കുണ്ടായ ഒരു സംഭവത്തെ ഓർത്തെടുത്തിരിക്കുകയാണ് അക്തർ.

സച്ചിന്റെ വിക്കറ്റെടുക്കുമെന്ന് പറഞ്ഞ് സഹതാരവുമായി പന്തയം വെച്ചിരുന്നതായും ഇന്ത്യക്കെതിരേ കളിക്കുന്നതിനായി കാൽമുട്ടിലെ വേദന മാറ്റാൻ ഗുളികകൾ കഴിക്കുകയും കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തിരുന്നതായി അക്തർ വെളിപ്പെടുത്തി. 1998-99 കാലത്ത് പാകിസ്താന്റെ ഇന്ത്യൻ പര്യടനത്തിനിടെയായിരുന്നു സംഭവം. സഹതാരമായിരുന്ന സഖ്ലെയ്‌ൻ മുഷ്താഖുമായി ചേർന്നാണ് ഇങ്ങനെ ചെയ്തിരുന്നതെന്നും അക്തർ പറഞ്ഞു.

സഖ്ലെയ്‌ന് ചെന്നൈയിലും ഡൽഹിയിലുമെല്ലാം ധാരാളം വിക്കറ്റുകൾ ലഭിച്ചപ്പോൾ, സഖ്ലെയ്‌നും ഞാനും തമ്മിൽ പന്തയം നടത്തി. സച്ചിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. സച്ചിനെ പുറത്താക്കണമെന്നും അതാണ് താൻ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവൻ പറഞ്ഞു. ഇത്തവണ ഞാനാണ് അത് ചെയ്യുന്നതെന്നും എന്റെ ഊഴമാണെന്ന് ഞാനും പറഞ്ഞു", അക്തർ വെളിപ്പെടുത്തി.

കാൽമുട്ടിൽ നീര് വന്ന് വീർത്തതിനാൽ കുത്തിവെപ്പ് എടുത്താണ് ഇന്ത്യക്കെതിരേ കളിക്കാനിറങ്ങിയതെന്നും അക്തർ പറഞ്ഞു. 1996 -ൽ സഖ്ലെയ്‌നിന്റെ കാൽമുട്ടിന് പരിക്കേറ്റു. 1997 -ൽ എനിക്കും പരിക്കേറ്റു. എന്നാൽ, മത്സരം കളിക്കാനായി ഞങ്ങൾ രഹസ്യമായി ഗുളികകൾ കഴിക്കുകയും കുത്തിവെപ്പുകൾ എടുക്കുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

ഐസിസി ടൂർണമെന്റുകളിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് കീഴിൽ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടക്കാറുള്ളത്. 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായിരുന്നു. രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ 2008-ൽ ഏഷ്യാ കപ്പിൽ പങ്കെടുത്തതിനുശേഷം ഇന്ത്യ, പാകിസ്താനിൽ പര്യടനം നടത്തിയിട്ടില്ല.

Content Highlights: Shoaib Akhtar Opens Up On What He Did To Get Sachin Tendulkar Out