പാകിസ്താന്‍ ബാറ്റര്‍മാര്‍ക്കെതിരേ കടുത്ത വിമര്‍ശനവുമായി അക്തര്‍

Photo: AP
Photo: AP

ലാഹോര്‍: ഏഷ്യാ കപ്പ് ഫൈനലില്‍ മോശം പ്രകടനം പുറത്തെടുത്ത പാകിസ്താന്‍ ബാറ്റര്‍മാര്‍ക്കെതിരേ വിമര്‍ശനവുമായി മുന്‍ പാക് പേസ് ബൗളര്‍ ഷൊഐബ് അക്തര്‍. ഫൈനലില്‍ പാകിസ്താന്റെ പ്രകടനം മോശമാണെന്നും ഈ ഫോം തുടര്‍ന്നാല്‍ ടീമിന് വിജയങ്ങള്‍ നേടാനാകില്ലെന്നും അക്തര്‍ വ്യക്തമാക്കി. 

ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തകര്‍ത്തുകൊണ്ട് ശ്രീലങ്ക കിരീടം നേടി. മത്സരത്തില്‍ പാകിസ്താന്‍ ബാറ്റര്‍മാരെല്ലാം പരാജയമായി. ഇതാണ് അക്തറിനെ ചൊടിപ്പിച്ചത്. അര്‍ധശതകം നേടിയ മുഹമ്മദ് റിസ്വാനെപ്പോലും അക്തര്‍ വെറുതേ വിട്ടില്ല. 

'ഈ കോമ്പിനേഷന്‍ വരും മത്സരങ്ങളില്‍ ഗുണം ചെയ്യില്ല. പാകിസ്താന്‍ ക്രിക്കറ്റ് ഇനിയുമേറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. ഫഖര്‍, ഇഫ്തിഖര്‍, ഖുഷ്ദില്‍ തുടങ്ങിയവരെല്ലാം ഫോം കണ്ടെത്തേണ്ടതുണ്ട്. 50 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തതുകൊണ്ട് റിസ്വാന് വിജയം നേടാനാകില്ല. ഈ പ്രകടനമൊന്നും പാകിസ്താന്റെ വിജയത്തിന് കാരണമാകില്ല. കിരീടം നേടിയ ശ്രീലങ്കയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍'- അക്തര്‍ കുറിച്ചു. 

മത്സരത്തില്‍ റിസ്വാന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബാബര്‍ അസം ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനാകാതെ പോയതും പാകിസ്താന്റെ തോല്‍വിയ്ക്ക് കാരണമായി.

Content Highlights: shoaib akhtar, asia cup 2022, pakistan cricket, sports news, cricket, akhtar, rizwan