ഫ്‌ളൈറ്റ് ടിക്കറ്റ് കിട്ടിയില്ല, ഫൈനൽ കഴിഞ്ഞ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ വീട്ടിലെത്തിയത് ട്രെയിനിൽ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു ശേഷം താരങ്ങളെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി അവരവരുടെ നാട്ടിലെത്തിയിരുന്നു. എല്ലാവർക്കും നാട്ടിലെ വിമാനത്താവളത്തിൽ വമ്പൻ സ്വീകരണം ലഭിക്കുകയും ചെയ്തു. എന്നാൽ അതിൽ ഒരാൾ മാത്രം അൽപം വ്യത്യസ്തമായ രീതിയിലാണ് നാടുപിടിച്ചത്. വമ്പനടികൾക്ക് പേരുകേട്ട ഇന്ത്യയുടെ ഓൾറൗണ്ടർ ശിവം ദുബെ, താൻ തകർത്തടിച്ച ലോകകപ്പ് ഫൈനലിനു ശേഷം നാട്ടിലെത്തിയത് ട്രെയിനിലെ തേർഡ് എസി കോച്ചിന്റെ ബർത്തിൽ ആരുടെയും ശ്രദ്ധയിൽ പെടാതെയായിരുന്നു
തിങ്കളാഴ്ച പുലർച്ചെ 5.10-ന്റെ അഹമ്മദാബാദ്-മുംബൈ സയാജി എക്‌സ്പ്രസിന്റെ എസി 3-ടയർ കോച്ചിന്റെ മുകളിലത്തെ ബർത്തിലായിരുന്നു ദുബെയുടെ യാത്ര. ഒപ്പം സഹയാത്രികരായി ഭാര്യയും സുഹൃത്തുമുണ്ടായിരുന്നു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്ക് വിമാന ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നായിരുന്നു ദുബെയുടെ ഈ സാഹസം.
വിമാന ടിക്കറ്റ് ലഭിക്കാതിരുന്നതോടെ റോഡ് മാർഗം മുംബൈയിൽ എത്തുന്നതിനേക്കാൾ നല്ലത് ട്രെയിനാണെന്ന് മനസിലാക്കിയാണ് ദുബെ ടിക്കറ്റ് ബുക്ക് ചെയ്തത്. ആരും തിരിച്ചറിയാതിരിക്കാൻ ട്രെയിൻ എത്തുന്നതിന് തൊട്ടുമുമ്പു വരെ താരം കാറിൽ തന്നെയിരുന്നു. തിരിച്ചറിയാതിരിക്കാൻ തൊപ്പിയും മാസ്‌കും ഫുൾസ്ലീവ് ടി ഷർട്ടും താരം ധരിച്ചു. ട്രെയിൻ സ്റ്റേഷനിൽ എത്തിയ ഉടൻ തന്നെ മറ്റ് യാത്രക്കാർക്കൊപ്പം ഇടിച്ചുകയറിയ ദുബെ പെട്ടെന്നു തന്നെ ബർത്തിൽ കയറി പുതപ്പിനുള്ളിൽ കയറി. ആരെങ്കിലും തിരിച്ചറിഞ്ഞാൽ പിന്നീടുള്ള പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനായി ഒരു പോലീസുകാരനും യാത്രയിൽ ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇതിനിടെ ടിടിആർ വന്ന് ദുബെയുടെ പേര് കണ്ട് ക്രിക്കറ്റ് താരം ശിവം ദുബെ ആണോ എന്നുവരെ ചോദിച്ചു. ഈ സമയം താരത്തിന്റെ ഭാര്യ അത് കൃത്യമായി കൈകാര്യം ചെയ്യുകയായിരുന്നു. ഇതോടെ ടിക്കറ്റ് പരിശോധകൻ സംശയം കൂടാതെ അടുത്ത യാത്രക്കാരന്റെ അടുത്തേക്ക് പോയി. രാത്രിയിൽ ശുചിമുറിയിൽ പോകാൻ താഴെ ഇറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറഞ്ഞു.
വിമാനത്താവളത്തിൽ ദുബെയെ പ്രതീക്ഷിച്ചിരുന്ന അധികൃതർക്ക് അദ്ദേഹത്തിന്റെ ഈ ട്രെയിൻ യാത്ര വലിയ അത്ഭുതമായിരുന്നു. ബോറിവാലി സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് അകമ്പടിയോടെയാണ് അദ്ദേഹം സ്‌റ്റേഷന് പുറത്തേക്കെത്തിയത്.
Content Highlights: Shivam Dube traveled in a 3AC coach on the Sayaji Express after failing to get a flight ticket., The cricketer used a disguise to avoid being recognized by fellow passengers., He was accompanied by his wife and a police officer for security during the journey., The TTR checked his ticket but did not realize he was the star cricketer.