പരിശീലനത്തിനിടെ ശാര്‍ദുല്‍ താക്കൂറിന്റെ തോളില്‍ പന്തിടിച്ചു; പരിക്ക് പേടിയില്‍ ഇന്ത്യ

Photo: PTI
Photo: PTI

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന പരിശീലന സെഷനിടെ ഇന്ത്യന്‍ താരം ശാര്‍ദുല്‍ താക്കൂറിന് പരിക്ക്. ബാറ്റിങ് പരിശീലനത്തിനിടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ ത്രോഡൗണ്‍ ചെയ്ത പന്ത് ശാര്‍ദുലിന്റെ തോളിലിടിക്കുകയായിരുന്നു.

വിക്രം റാത്തോര്‍ എറിഞ്ഞ പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്യുകയായിരുന്നു. ഇതോടെ ശാര്‍ദുലിന് ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല. വേദനകൊണ്ട് പുളഞ്ഞ താരം നെറ്റ്‌സില്‍ പിന്നീട് ബാറ്റിങ് തുടര്‍ന്നിരുന്നു. പരിശീലന സെഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഫിസിയോ ശാര്‍ദുലിന്റെ തോളില്‍ ഐസ് പാക്ക് വെയ്ക്കുന്നതും കാണാമായിരുന്നു.

പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തെ സ്‌കാനിങിനു വിധേയനാക്കി വിശദമായ പരിശോധനകള്‍ നടത്തും. ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അതിനു മുന്‍പ് താരം ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്.

Content Highlights: Shardul Thakur gets hit on shoulder during optional training session