‘മാസം 4 ലക്ഷം രൂപ എന്നത് വലിയ തുകയല്ലേ?’; ഷമിയുടെ മുന്‍ ഭാര്യയോട് സുപ്രീം കോടതി, താരത്തിന് നോട്ടീസ്

ഷമി മകളെ കണ്ടപ്പോള്‍, ഹസിന്‍ ജഹാന്‍ | Photo: Instagram/ Mohammed Shami, PTI
ഷമി മകളെ കണ്ടപ്പോള്‍, ഹസിന്‍ ജഹാന്‍ | Photo: Instagram/ Mohammed Shami, PTI

കൊല്‍ക്കത്ത: തനിക്കും മകള്‍ ഐറയ്ക്കും ചെലവിനായി കൽക്കട്ട ഹൈക്കോടതി അനുവദിച്ച തുക ഉയർത്തണമെന്ന മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസയച്ചു. മുഹമ്മദ് ഷമിക്കും പശ്ചിമ ബംഗാൾ സർക്കാരിനുമാണ് സുപ്രീംകോടതി നോട്ടീസ്. പ്രതിമാസം നാലുലക്ഷം രൂപവീതം നല്‍കാനാണ് ഷമിയോട് കല്‍ക്കട്ട ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നത്.

കൽക്കട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹസിൻ സുപ്രീം കോടതിയെ സമീപിച്ചത്. ഷമിയുടെ സമ്പാദ്യം കണക്കിലെടുക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്നാണ് ഹസിൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അതേസമയം വാദം കേൾക്കുന്നതിനിടെ, "മാസം 4 ലക്ഷം രൂപ എന്നത് വലിയ തുകയല്ലേ?" എന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. നാലാഴ്ചയ്ക്കകം ഷമിയും പശ്ചിമ ബംഗാൾ സർക്കാരും മറുപടി നൽകണം. കേസ് ഇനി ഡിസംബറിലാണ് പരിഗണിക്കുന്നത്.

ഷമിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അദ്ദേഹം ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ഹസിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. "ഭർത്താവ് ധാരാളം പണം സമ്പാദിക്കുന്നുണ്ട്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലം നോക്കൂ. അദ്ദേഹത്തിന് നൂറുകണക്കിന് കോടിയുടെ സ്വത്തുക്കളും ആഡംബര കാറുകളുമുണ്ട്. സ്ഥിരമായി വിദേശയാത്രകൾ നടത്തുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു." - ഹസിന്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.

ഹസിന്‍ ജഹാന് മാസം ഒന്നര ലക്ഷം രൂപയും മകള്‍ ഐറയ്ക്ക് രണ്ടര ലക്ഷം രൂപയും നല്‍കണമെന്നാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്. ഏഴുവര്‍ഷം മുമ്പ് ജീവനാംശമായി 7 ലക്ഷം രൂപ ആവശ്യപ്പെട്ട് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് തള്ളിയത്. എന്നാല്‍ ജഹാന്‍ നിയമപോരാട്ടം തുടരുകയായിരുന്നു.

ഹസിന്‍ ജഹാനില്‍ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേര്‍പെടുത്തിയതോടെ അമ്മ ഹസിന്‍ ജഹാനൊപ്പമാണ് ഐറ താമസിക്കുന്നത്. 2012-ല്‍ പ്രണയത്തിലായതിന് പിന്നാലെ 2014 ജൂണിലായിരുന്നു ഹസിന്‍ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഐപിഎല്‍ കാലത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഷമിയെക്കാള്‍ 10 വയസിന് മൂത്ത ഹസിന് മുന്‍വിവാഹത്തില്‍ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഹസിന്‍ വിവാഹമോചനം നേടിയത്.

Content Highlights: Isn't Rs 4 lakh a month a lot, Supreme Court asks Shami's wife, issues notice to him