ഹോപ്പാണ് ഹോപ്പേ വിൻഡീസിന്റെ ഹോപ്പ്

ഒരു പ്രതീക്ഷയുമില്ലാതെയായിരുന്നു വെസ്റ്റ് ഇൻഡീസ് ടീം ഏകദിന-ട്വന്റി-20 ക്രിക്കറ്റ് പരമ്പരകൾക്കായി ഇന്ത്യയിലേക്ക് വിമാനം കയറിയത്. കാണികളെ വിരുന്നൂട്ടാൻ തയ്യാറാക്കിയിട്ട ഫ്ളാറ്റ് പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരുടെ താണ്ഡവത്തിനും റെക്കോഡുകൾ പുതുക്കുന്നതിനും എത്തിക്കുന്ന കളിക്കാരുടെ കൂട്ടമായിട്ടാണ് വിൻഡീസിനെ ക്രിക്കറ്റ്്ലോകം കണ്ടത്. ഏകദിന ലോകകപ്പിന് നേരിട്ടുള്ള യോഗ്യത നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലെത്തുന്ന ടീമിന് സ്പോൺസർപോലുമുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ഹോപ്പുമില്ലാതെയാണ് ഷായ് ഹോപും സംഘവും ഇന്ത്യയിൽ ഇറങ്ങിയത്.
ഇന്ത്യയിലെത്തിയതുമുതൽ ടീമിന് നല്ലകാലവും പുത്തൻ പ്രതീക്ഷയുമാണ്. മികച്ചകരാറുമായി സ്പോൺസർമാരെത്തി. ഏകദിനപരമ്പരയിൽ ഇന്ത്യയെ വിറപ്പിച്ചു. ഇപ്പോൾ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിൽ 2-2ന് തുല്യതയിൽ നിൽക്കുന്നു. ശനിയാഴ്ച നടക്കുന്ന അവസാനമത്സരത്തിൽ തോറ്റാൽപ്പോലും ടീമിന് തലയുയർത്തി മടങ്ങാം. വീറുറ്റപോരാട്ടങ്ങളുടെ ചുക്കാൻപിടിക്കുന്നത് അവരുടെ നായകനാണ്. പേരിൽ ഹോപ്പുള്ള, ടീമിന്റെ ഹോപ്പായിമാറിയ ഷായ് ഹോപ്.
രണ്ടു പരമ്പരകളിലുമായി, കളിച്ച ഏഴ് ഇന്നിങ്സുകളിൽ നേടിയത് 539 റൺസ്. ഇതിൽ നാലു സെഞ്ചുറി, ഒരു അർധസെഞ്ചുറി. സമീപകാലത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽത്തന്നെ വിൻഡീസ് താരത്തിന്റെ തിളക്കമാർന്ന പ്രകടനം. ടി-20 പരമ്പര നേടാൻ ഇന്ത്യക്കുമുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി ഹോപിന്റെ പ്രകടനമാണ്. ഹൈദരാബാദിലെ നാലാം ടി-20 മത്സരത്തിൽ 50 പന്തിൽ 102 റൺസടിച്ചാണ് ഹോപ് ഇന്ത്യക്കുമുന്നിൽ കൂറ്റൻ ലക്ഷ്യം മുന്നോട്ടുവെച്ചതും പിന്നീട് ടീമിനെ ജയത്തിലേക്ക് നയിച്ചതും.
ഗെയ്ലും വീണു
വിൻഡീസിനായി ടി-20 ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറിനേടിയ താരം ഇനി ഹോപാണ്. ഇതിഹാസതാരം ക്രിസ് ഗെയ്ലിനെയും ഇവിൻ ലൂയിസിനെയുമാണ് മറികടന്നത്. ഹോപ്പിന് മൂന്ന് സെഞ്ചുറികളായി. ഗെയ്ലിനും ലൂയിസിനും രണ്ടുവീതം സെഞ്ചുറികളാണുള്ളത്.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ക്യാപ്റ്റനായി കൂടുതൽ സെഞ്ചുറി നേടിയതിന്റെ റെക്കോഡിനൊപ്പമെത്താനും വിൻഡീസ് താരത്തിനായി. മൂന്ന് സെഞ്ചുറികളുമായി രോഹിത് ശർമയും പാകിസ്താന്റെ ബാബർ അസമും സൃഷ്ടിച്ച റെക്കോഡിനൊപ്പമാണ് ഹോപ് എത്തിയത്.
വിൻഡീസ് ക്രിക്കറ്റിലേക്ക് ഗംഭീരമായി കടന്നുവരുകയും പിന്നീട് ഫോം നഷ്ടത്തിൽ വിമർശനങ്ങൾക്ക് വിധേയനാകുകയും ചെയ്ത ഹോപ് കരിയറിലെ മികച്ച കാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പ്രതിഭകൾ ഏറെയുണ്ടെങ്കിലും വിൻഡീസിന് അതിനൊത്ത പ്രകടനം നടത്താൻ കഴിയാറില്ല. ഇതിനൊരു മാറ്റംവരുത്താനാണ് ഹോപ് മുന്നിൽ നിന്ന് നയിക്കുന്നത്. ഇന്ത്യൻ പര്യടനത്തിലെ പ്രകടനം അതിനാണ് സാക്ഷ്യംവഹിക്കുന്നത്.
Content Highlights: West Indies secured a sponsor and revived their form during the India tour despite initial struggles., Shai Hope scored 539 runs across 7 innings with 4 centuries and 1 half-century., Hope surpassed Chris Gayle for the most T20 centuries for West Indies., Hope equaled the record for most T20 centuries as a captain, joining Rohit Sharma and Babar Azam.