സായ് സുദർശന് പകരം സർഫറാസ് ടീമിൽ; പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ബിസിസിഐ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കിൽനിന്ന് മുക്തനാകാത്തതോടെയാണ് സായ് സുദർശനെ ടീമിൽനിന്ന് ഒഴിവാക്കിയത്.
കാൽവിരലിനേറ്റ പരിക്കിൽനിന്ന് സുദർശൻ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എന്നാൽ, ലങ്കയ്ക്കെതിരായ പരമ്പരയിൽ കളിക്കില്ലെന്നും ബിസിസിഐ അറിയിച്ചു. പകരം സർഫറാസ് ഖാൻ കളിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലേക്കാണ് സർഫറാസിനെ അവസാനമായി ഇന്ത്യൻ ടീമിലെടുത്തത്. എന്നാൽ, ഒരു മത്സരത്തിൽ പോലും കളിച്ചില്ല. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആറ് ഇന്നിങ്സുകളിലായി 171 റൺസ് നേടിയെങ്കിലും ആ പരമ്പരയ്ക്ക് ശേഷം ടീമിലെ സ്ഥാനം നിലനിർത്താനായില്ല.
ടീം പ്രഖ്യാപിച്ചതിനുശേഷം ഒഴിവാക്കപ്പെടുന്ന രണ്ടാമത്തെ താരമാണ് സായ് സുദർശൻ. നേരത്തേ പേസ് ബൗളർ ജസ്പ്രീത് ബുംറയേയും ഒഴിവാക്കിയിരുന്നു. ബുംറയ്ക്കും സുദർശനും ശാരീരികക്ഷമത തെളിയിക്കണമെന്ന നിബന്ധന സെലക്ടർമാർ മുന്നോട്ടുവെച്ചിരുന്നു. ഓഗസ്റ്റ് 15-നാണ് ആദ്യടെസ്റ്റ് ആരംഭിക്കുന്നത്.
Content Highlights: Sarfaraz Khan replaces the injured Sai Sudharsan in India's squad., India is set to play a two-match Test series against Sri Lanka starting August 15, 2026.,