തിരുവനന്തപുരത്ത് സഞ്ജു കളിക്കുമോ? ടീമിലെ സ്ഥാനം പരുങ്ങലിലോ, പ്രതികരണവുമായി മോർക്കൽ

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസൺ | ഫോട്ടോ - എഎഫ്പി
സഞ്ജു സാംസൺ | ഫോട്ടോ - എഎഫ്പി

റായ്പുർ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണിന്റേത്. ആദ്യ മൂന്നുമത്സരങ്ങളിൽ നിന്നായി 16 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ മത്സരത്തിൽ 10 റൺസെടുത്ത് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തിൽ വെറും ആറു റൺസ് മാത്രമാണ് നേടാനായത്. മൂന്നാം മത്സരത്തിൽ ഡക്കായി മടങ്ങി. ഇഷാൻ കിഷൻ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത് താരത്തിന്റെ സ്ഥാനത്തിന് ഭീഷണിയുമാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനം സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് കോച്ച് മോണി മോർക്കൽ.

സഞ്ജുവിന് അടുത്തുതന്നെ പഴയ ഫോം കണ്ടെത്താൻ സാധിക്കുമെന്ന് മോർക്കൽ പ്രതികരിച്ചു. ഫോം താത്കാലികമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഞങ്ങൾ ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ശരിയായ സമയത്ത് കളിക്കാർ അവരുടെ മികച്ച പ്രകടനം കണ്ടെത്തേണ്ടത് പ്രധാനമാണ്. അദ്ദേഹം നന്നായി പരിശീലനം നടത്തുന്നു. മികച്ച രീതിയിൽ പന്തിനെ നേരിടുന്നു. അതിനാൽ ഫോമിലേക്ക് മടങ്ങിയെത്താൻ ചുരുങ്ങിയ സമയം മാത്രമേ വേണ്ടൂ.- മോർക്കൽ പറഞ്ഞു.

അതേസമയം പ്രധാന ശ്രദ്ധ ടീമിന്റെ വിജയമാണെന്നും മോർക്കൽ കൂട്ടിച്ചേർത്തു. ടീമിന്റെ ജയമാണ് പ്രധാനമെന്ന് ഞാൻ കരുതുന്നു. ഈ പരമ്പരയിൽ ഞങ്ങൾ നിലവിൽ 3-0 ന് മുന്നിലാണ്. ടീം വളരെ മികച്ചുനിൽക്കുന്നു. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് കുറച്ച് മത്സരങ്ങൾ കൂടിയുണ്ട്. സഞ്ജുവിന് ഫോം കണ്ടെത്താനും റൺസ് നേടാനും കഴിയുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല."- അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴ്ചകൾക്കപ്പുറം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ റിഹേഴ്‌സലാണ് ഈ പരമ്പര. അതിനാൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് പ്ലേയിങ് ഇലവനിൽ നിലനിൽക്കാൻ സഞ്ജുവിന് ആവശ്യമാണ്. രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയതോടെ സഞ്ജുവിനെതിരേ സോഷ്യൽ മീഡിയയിലും പ്രതിഷേധമുണ്ട്. മുമ്പ് സഞ്ജുവിനെ ടീമിൽ എടുക്കാതെ മാറ്റി നിർത്തുന്ന സാഹചര്യത്തിൽ സഞ്ജുവിനായി ശബ്ദമുയർത്തിയിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ താരത്തിനെതിരേ തിരിഞ്ഞ മട്ടാണ്. സഞ്ജുവിന്റെ ബാക്കപ്പായി ടീമിലെത്തിയ ഇഷാൻ കിഷൻ അവസരത്തിനൊത്തുയർന്നിട്ടുമുണ്ട്. പരിക്കിൽ നിന്ന് മുക്തമായി തിലക് വർമ ടീമിനൊപ്പം ചേർന്നാൽ സഞ്ജുവിനു പകരം ഇഷാന് ഓപ്പണറായി നറുക്ക് വീഴാനും സാധ്യതയുണ്ട്.

ഇന്ത്യ - ന്യൂസീലൻഡ് പരമ്പരയിലെ അവസാന മത്സരം ജനുവരി 31-ന് തിരുവനന്തപുരത്ത് സഞ്ജുവിന്റെ നാട്ടിലാണ്. നാലാം മത്സരത്തിലും പരാജയപ്പെട്ടാൽ ഒരു പക്ഷേ തിരുവനന്തപുരത്ത് സഞ്ജുവിന്റെ സ്ഥാനത്ത് ഇഷാൻ എത്തിയേക്കും. അത് ലോകകപ്പിലെ പ്ലേയിങ് ഇലവനിലെ സഞ്ജുവിന്റെ അവസരത്തിനും വിലങ്ങുതടിയാകും. ഈ സമ്മർദം സഞ്ജുവിനും ഉണ്ട്. രണ്ടു വർഷത്തോളം ടി20 ടീമിൽ നിന്ന് പുറത്തായ ശേഷമാണ് ഇഷാൻ കിഷൻ ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. ലഭിച്ച അവസരം താരം നന്നായി ഉപയോഗിക്കുകയും ചെയ്തു.

Content Highlights: sanju samsons recent form morne morkel response