ഹമ്പമ്പോ സഞ്ജു! തകര്‍പ്പന്‍ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നിറഞ്ഞാടി താരം

ജൊഹാനസ്ബര്‍ഗ്: ഒരു സെഞ്ചുറിക്കുശേഷം കഴിഞ്ഞ രണ്ടുമത്സരങ്ങളിലും നിറംമങ്ങിയ സഞ്ജു സാംസണ്‍ വീണ്ടും ഫോമിലേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു. പത്താം ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ച സാംസണ്‍, തുടര്‍ന്ന് സെഞ്ചുറിയിലെത്താന്‍ അത്രതന്നെ ദൂരമെടുത്തില്ല.
28 പന്തില്‍നിന്നാണ് സഞ്ജു അര്‍ധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയിലെത്തി. 56 പന്തില്‍ 109 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒന്‍പത് സിക്‌സും ആറ് ഫോറും ഇതില്‍ ഉള്‍പ്പെടുന്നു. 194.64 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം.
ട്രിസ്റ്റന്‍ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറില്‍ സിക്‌സടിച്ച് സ്‌റ്റൈലിഷായാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. തുടര്‍ന്ന് 23 പന്തുകളിലാണ് സെഞ്ചുറിയിലേക്കെത്തിയത്. കോട്‌സിയെറിഞ്ഞ 18-ാം ഓവറില്‍ ജെറാള്‍ഡ് കോട്‌സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി.
യാന്‍സന്റെ ആദ്യ ഓവറില്‍ കരുതലോടെ തുടങ്ങിയ സഞ്ജു, ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ ആക്രമണം തുടങ്ങി. ഒരു ഫോറും സിക്‌സുമായിരുന്നു സമ്പാദ്യം. യാന്‍സന്‍ വീണ്ടുമെത്തിയപ്പോള്‍ പക്ഷേ, സഞ്ജു ആദ്യ ഓവറിലെ മയം കാണിച്ചില്ല. സിക്‌സിന് പായിച്ചു. നാലാം ഓവറില്‍ സിപംലയെയും സിക്‌സും ഫോറും പായിച്ച് പ്രഹരിച്ചു.
ഇതിനിടെ തിലക് വര്‍മയും സെഞ്ചുറി നേടി. 41 പന്തിലാണ് തിലകിന്റെ നേട്ടം. ഒന്‍പത് സിക്‌സും ആറ് ബൗണ്ടറിയും ചേര്‍ന്നതാണ് തിലകിന്റെ ഇന്നിങ്‌സെങ്കില്‍ എട്ട് സിക്‌സും ആറ് ഫോറും ചേര്‍ന്നതാണ് സഞ്ജുവിന്റെ സെഞ്ചുറി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 185 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
Content Highlights: sanju samson t20 performance against south africa