സഞ്ജുവിന് മാതൃഭൂമിയുടെ ആദരം; സമ്മാനമായി അഞ്ച് ലക്ഷം രൂപ

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/BCCI
Photo: x.com/BCCI

കോഴിക്കോട്: ടി20 ലോകകകപ്പ് നേടിയ ഇന്ത്യൻ താരം സഞ്ജു സാംസണ് മാതൃഭൂമിയുടെ ആദരം. സഞ്ജുവിന് സ്‌നേഹ സമ്മാനമായി മാതൃഭൂമി അഞ്ചു ലക്ഷം രൂപ നൽകും. ലോകകപ്പ് വിജയത്തിനു ശേഷം സഞ്ജുവിന് ലഭിക്കുന്ന ആദ്യത്തെ ആദരമാണിത്. ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായക സാന്നിധ്യമായ സഞ്ജു ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ടൂർണമെന്റിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ എന്നതിനാൽ തന്നെ പട്ടികയിലേക്കുള്ള സഞ്ജുവിന്റെ വരവ് ശ്രദ്ധേയമാണ്. അഞ്ചു കളികളിൽ നിന്നായി മൂന്ന് അർധ സെഞ്ചുറിയടക്കം 321 റൺസ്. 80.25 ബാറ്റിങ് ശരാശരി. പ്രഹരശേഷി 199.37. ഈ പ്രകടനമാണ് സഞ്ജുവിനെ ടൂർണമെന്റിലെ താരമാക്കിയത്.

ഒരുപിടി റെക്കോഡുകളോടെയാണ് സഞ്ജു ഫൈനലിലെ ഇന്നിങ്സ് പൂർത്തിയാക്കിയത്. വെറും 46 പന്തിൽ നിന്ന് 5 ഫോറുകളുടെയും 8 സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു 89 റൺസെടുത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഒരു താരത്തിന്റെ ഉയർന്ന സ്‌കോറാണിത്. 2016-ൽ ഇംഗ്ലണ്ടിനെതിരേ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മർലോൺ സാമുവൽസിന്റെയും 2021-ലെ ഫൈനലിൽ ഓസ്ട്രേലിയക്കെതിരേ 85 റൺസെടുത്ത കിവീസിന്റെ കെയ്ൻ വില്യംസന്റെയും റെക്കോഡ് സഞ്ജു മറികടന്നു.

Content Highlights: Mathrubhumi honors Sanju Samson with a ₹5 lakh cash reward., Sanju Samson named Player of the Tournament for his exceptional performance., Sanju scored 321 runs in 5 matches with an average of 80.25., Set a new record for the highest individual score in a T20 World Cup final (89 runs).