അവസാന 12 പന്തിൽ 49 റൺസ്; സഞ്ജു കളിക്കേണ്ടത് ഇങ്ങനെ; ഉപദേശവുമായി ഗാവസ്കർ

ഡൽഹി: അഫ്ഗാനെതിരായ രണ്ടാം ടി20യിൽ ഉജ്ജ്വല ബാറ്റിങ്ങാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ആദ്യമത്സരത്തിൽ പരാജയപ്പെട്ട സഞ്ജുവിന്റെ ഉഗ്രൻ തിരിച്ചുവരവിന് കൂടിയാണ് ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 20 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു 22 പന്തിൽ 57 റൺസെടുത്താണ് മടങ്ങിയത്. ഓപ്പണിങ് സ്ഥാനത്തിന് സഞ്ജുവിന് പകരം കൗമാരതാരം വൈഭവ് സൂര്യവംശിയെ പരിഗണിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സ്. ഇപ്പോഴിതാ സഞ്ജുവിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗാവസ്‌കർ. ഇന്നിങ്സ് പതിയെ തുടങ്ങി പിന്നീട് കത്തിക്കയറുന്ന രീതിയിൽ ബാറ്റ് ചെയ്യണമെന്നാണ് ഗാവസ്കറിന്റെ നിർദേശം.
"ചിലപ്പോൾ സ്ഥിരതയോടെ കളിക്കുകയാണ് വേണ്ടത്. 20 ഓവർ മത്സരത്തിൽ ഓപ്പണർമാർക്കാണ് കൂടുതൽ പന്തുകൾ നേരിടാൻ അവസരം ലഭിക്കുന്നത്. അതിനാൽത്തന്നെ അവർക്ക് റൺസ് നേടാനുള്ള അവസരങ്ങളും കൂടുതലാണ്. ഇതുപോലെ ചിലദിവസങ്ങളിൽ സഞ്ജു ക്രീസിൽ നിലയുറപ്പിക്കുകയും അതിന് ശേഷം തകർത്തടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അദ്ദേഹം ഇത് തുടരുകയാണെങ്കിൽ, ഒരിക്കലും പരാജയപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം ഓരോ തവണയും അമ്പതോ അറുപതോ റൺസ് നേടാൻ ശ്രമിക്കണം", ഗാവസ്കർ പറഞ്ഞു.
"ആദ്യ പന്ത് മുതൽ അടിച്ചുതകർക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നംവരുന്നതെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു. 190 അല്ലെങ്കിൽ 200 റൺസാണ് ചേസ് ചെയ്യേണ്ടതെങ്കിൽ തുടക്കം മുതലേ അങ്ങനെ അടിക്കേണ്ടിവരും, അവിടെ വേറെ വഴിയില്ല. അദ്ദേഹം ഒരു അപകടകാരിയായ ബാറ്ററാണ്", ഗാവസ്കർ കൂട്ടിച്ചേർത്തു.
അഫ്ഗാൻ സ്കോർ പിന്തുടർന്ന ഇന്ത്യക്ക് ഓപ്പണർമാരായ സഞ്ജുവും അഭിഷേക് ശർമയും ഉജ്ജ്വല തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 6.2 ഓവറിൽ 88 റൺസ് കൂട്ടിച്ചേർത്തതോടെ ഇന്ത്യൻ ജയം അനായാസമായി. ഫോമിൽ തിരിച്ചെത്തിയ സഞ്ജു 22 പന്തിൽ നാലു സിക്‌സും ഏഴു ഫോറും കണ്ടെത്തി. 20 പന്തിലാണ് താരം 50 റൺസ് നേടിയത്. ആദ്യ 10 പന്തിൽ എട്ടു റൺസെടുത്ത സഞ്ജു പിന്നീട് 12 പന്തിൽ 49 റൺസാണ് അടിച്ചുകൂട്ടിയത്. ഇരുവരും പുറത്തായശേഷം ഇഷാൻ കിഷനും (38) തിലക് വർമയും (15) പുറത്താവാതെ ഇന്ത്യൻ ജയം പൂർത്തിയാക്കി. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ 11 റൺസെടുത്തു. ഇന്ത്യയുടെ മൂന്നു വിക്കറ്റുകളും പിഴുതത് റഷീദ് ഖാനാണ്.
Content Highlights: Sanju Samson scored a blazing 57 runs off 22 balls against Afghanistan., Sunil Gavaskar advised Sanju to start his innings steadily before accelerating