സഞ്ജുവിനെപ്പോലൊരു അഗ്രസ്സീവ് ബാറ്റര്‍ ടീമില്‍ വേണം-സാംസണ്‍ വിശ്വനാഥ്

സഞ്ജു സാംസണ്‍, സാംസണ്‍ വിശ്വനാഥ്‌ | ഫോട്ടോ: എ.എഫ്.പി, മാതൃഭൂമി
സഞ്ജു സാംസണ്‍, സാംസണ്‍ വിശ്വനാഥ്‌ | ഫോട്ടോ: എ.എഫ്.പി, മാതൃഭൂമി

ഞ്ജു സാംസണ്‍ ടീം പ്ലെയര്‍ ആണെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് പിന്നാലെ പോകുന്നയാള്‍ അല്ലെന്നും പിതാവ് സാംസണ്‍ വിശ്വനാഥ്. ഓപ്പണര്‍ ആയാണ് സഞ്ജു പണ്ടുമുതലേ കളിക്കാറുള്ളതെന്നും സാംസണ്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന ബഹുമതി സഞ്ജു സാംസണ്‍ സ്വന്തമാക്കിയതിന് പിന്നാലെ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുകയായിരുന്നു സാംസണ്‍. 

തുടര്‍ച്ചയായി സെഞ്ചുറികള്‍, ഒരുപാട് സന്തോഷം

തുടര്‍ച്ചയായി രണ്ട് സെഞ്ചുറി. ഒരുപാട് സന്തോഷമുണ്ട്. ഇതിനപ്പുറം ഒരു സന്തോഷം ഇനി കിട്ടാനില്ല. നല്ലപോലെ അവന് കളിക്കാന്‍ പറ്റി. ഇനിയും മുന്‍പോട്ട് ഇങ്ങനെ തന്നെ പോണം എന്നുള്ള പ്രാര്‍ഥനയാണ് എനിക്ക്. ഇനി മുന്നോട്ടും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കണമെന്നാണ് ആഗ്രഹം. 

സഞ്ജു ടീം പ്ലെയര്‍, വ്യക്തിഗത നേട്ടത്തിന്റെ പിന്നാലെ പോകില്ല

സഞ്ജുവിന് ശരിക്കുള്ള അവസരങ്ങള്‍ കിട്ടിയിട്ടില്ല. അവന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കാറില്ല. അവന്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അവന്‍ അവനുവേണ്ടി കളിച്ചിരുന്നേല്‍ ഇതിന് മുന്‍പ് എത്ര സെഞ്ചുറി അടിച്ചേനെ. ഇരുപത് ഓവര്‍ ടാര്‍ഗറ്റ് ചെയ്ത് കളിച്ചിരുന്നേല്‍ അവന് എത്രയോ സെഞ്ചുറികള്‍ നേടാമായിരുന്നു. റെക്കോഡുകള്‍ അല്ല അവന്‍ മുന്നില്‍ കാണാറുള്ളത്. 

ചില താരങ്ങള്‍ സ്വന്തം സ്‌കോര്‍ നോക്കിയാണ് കളിക്കാറുള്ളത്. അവരുടെ ടീമിലെ സ്ഥാനം സേഫ് ആക്കാനാണ് ശ്രമിക്കുന്നത്. ടീമിന് വേണ്ടി കളിക്കുന്നവര്‍ വളരെ ചുരുക്കം ആണ്. സഞ്ജു അക്കൂട്ടത്തില്‍പ്പെട്ട ആളാണ്. എത്ര പന്തുകള്‍ കളിച്ചു എന്നത് വിഷയം അല്ല. എത്ര റണ്ണെടുത്തു എന്ന് നോക്കൂ. 

ചിലര്‍ക്ക് അന്‍പത് റണ്ണടിക്കണം. അവര്‍ക്ക് ടീമിന്റെ കൂടെ നിലനില്‍ക്കണം. അതാണ് അവരുടെ ആഗ്രഹം. അവര്‍ അങ്ങനെയാണ് ചെയ്യുന്നത്. സഞ്ജുവിന് ഇത്തരത്തില്‍ കളിക്കാനാകില്ല. ഇനിയും അവന്‍ ഇങ്ങനെ ചെയ്യില്ല. അവന്‍ അവന്റെ ടീമിന് വേണ്ടി കളിക്കുന്നു. അവന്‍ ഇതുവരെ തനിക്കുവേണ്ടികളിച്ചിട്ടില്ല. ഇനിയും കളിക്കില്ല. 

സഞ്ജുവും കുടുംബവും | ഫയല്‍ ചിത്രം/ മാതൃഭൂമി

സഞ്ജു ഓപ്പണര്‍, അതാണ് അവന് വഴങ്ങുന്നത്

ചെറുപ്പം മുതലേ സഞ്ജു സാംസണ്‍ ഓപ്പണറാണ്. ഡല്‍ഹിയില്‍ അവന്റെ കോച്ച് അവനെ മൂന്നാമതോ നാലാമതോ ഒക്കെ ഇറക്കുമ്പോള്‍ ഞാന്‍ രഹസ്യമായി ഇടപെടും. അവന്‍ ഓപ്പണര്‍ ആണ്, അവനെ ഓപ്പണിങ് തന്നെ ഇറക്കണം എന്ന് പറയും. അവന് പുതിയ ബോള്‍ കളിച്ചാണ് പരിചയം ഉള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പണ്ട് കേരള രഞ്ജി സ്‌ക്വാഡിനെ ഓസ്‌ട്രേലിയയിലേക്ക് അയച്ചു. അന്ന് അവര്‍ അവനെ ഓപ്പണറാക്കി ഇറക്കി. ആ പതിമൂന്നുകാരന്‍ ഓസ്‌ട്രേലിയന്‍ പിച്ചില്‍ ഇത്രയും സീനിയേഴ്‌സിന്റെ ഇടയില്‍ 139 അടിച്ചു. അതും നോട്ട് ഔട്ട് ആയിട്ട്. അവന്‍ അന്ന് മുതലേ ഓപ്പണര്‍ ആണല്ലോ. അവന്‍ 2013-ല്‍ വരവ് അറിയിച്ചതാണ്. ഓപ്പണിങ്ങാണ് സഞ്ജുവിന് കൂടുതലും വഴങ്ങുന്നത്.

സഞ്ജുവിനെപ്പോലൊരു ബാറ്റര്‍ ടെസ്റ്റ് ടീമില്‍ വേണം

മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നമ്മള്‍ തോറ്റു. സഞ്ജുവിനെപ്പോലൊരു അഗ്രസ്സീവ് ബാറ്റര്‍ ടീമില്‍ വേണം. ഏതൊരു താരത്തിന്റേയും ആഗ്രഹമാണല്ലോ ടെസ്റ്റ് കളിക്കണം എന്നുള്ളത്. ടീം മാനേജ്‌മെന്റാണ് ഇക്കാര്യം ചിന്തിക്കേണ്ടത്.

സഞ്ജു കീപ്പര്‍ ആയത് എനിക്കു പറ്റിയ അബദ്ധം

സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായത് എനിക്കുപറ്റിയ അബദ്ധമാണ്. എന്റെ ആഗ്രഹം കൊണ്ടാണ് അവന്‍ വിക്കറ്റ് കീപ്പറായത്. ഒരു മകനെ ഓള്‍ റൗണ്ടറാക്കി, ഒരാളെ കീപ്പറാക്കി. വിക്കറ്റ് കീപ്പര്‍ ആയതുകൊണ്ടാണ് ആദ്യകാലത്ത് എന്റെ മകന്‍ തഴയപ്പെട്ടത്. ഇനിയുള്ള പത്ത് വര്‍ഷം അവന്‍ നേട്ടങ്ങളുണ്ടാക്കും, അവന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കും. 

കഴിവുള്ളവര്‍ക്ക് അവസരം ലഭിക്കും. ദൈവം അനുഗ്രഹിച്ച് അവന് കഴിവുണ്ട്. കഠിനാധ്വാനം ചെയ്യണം. കഴിവുണ്ടെങ്കിലും രണ്ടുദിവസം പരിശീലനം ചെയ്തില്ലെങ്കില്‍ കാര്യമില്ലല്ലോ. കഠിനാധ്വാനം തന്നെയാണ് സഞ്ജുവിന്റെ ക്രിക്കറ്റ്.

എനിക്ക് ആരെയും ഭയമില്ല, ഇതിഹാസങ്ങള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുന്നു

ബ്രയാന്‍ ലാറ ഉള്‍പ്പടെയുള്ള ഇതിഹാസ താരങ്ങള്‍ സഞ്ജു സാംസണ്‍ ടീമിലെത്താത്തതിനെ വിമര്‍ശിച്ചു. എത്രയോ ഇതിഹാസങ്ങള്‍ സഞ്ജുവിനെ പിന്തുണച്ച് പറഞ്ഞു. ഇവരുടെ സര്‍ട്ടിഫിക്കറ്റ് മതി എനിക്കും എന്റെ മകനും.

Content Highlights: Sanju Samson father- Samson Viswanath Exclusive interview