ബ്രൂക്ക് നൽകിയ ‘ജീവൻ’; വാംഖഡയെ കോരിത്തരിപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിന് കൊടുക്കേണ്ടിവന്നത് വലിയ വില

മുംബൈ: ടി20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനലിൽ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബൗളർമാരെ സാക്ഷിനിർത്തി സഞ്ജു സാംസണിന്റെ ബാറ്റിങ് വെടിക്കെട്ട്. മത്സരത്തിന്റെ മൂന്നാം ഓവറിൽ ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്ക് കൈവിട്ട ക്യാച്ചാണ് ഇന്ത്യൻ സ്‌കോറിന്റെയും ഒരുപക്ഷേ കളിയുടേയും ഗതി മാറ്റിയതെന്നു പറയാം. ആറു പന്തിൽ കേവലം 15 റൺസെടുത്തു നിൽക്കെ സഞ്ജുവിനെ കൈവിട്ടതിന്, ഇംഗ്ലണ്ട് നൽകേണ്ടി വന്നത് വലിയ വില. ജോഫ്ര ആർച്ചർ എറിഞ്ഞ പന്തിൽ ഒരു ഏരിയൽ ഡ്രൈവിന് ശ്രമിച്ച സഞ്ജുവിന് പാളി. മിഡ് ഓണിൽ നിന്നിരുന്ന ഹാരി ബ്രൂക്കിന്റെ കൈകളിലേക്ക് വന്ന പന്ത് പക്ഷേ, ഇംഗ്ലീഷ് നായകന് കൈപ്പിടിയിലൊതുക്കാനായില്ല.
അവിടംമുതൽ വാംഖഡെ സ്റ്റേഡിയം സഞ്ജുവിന്റെ ബാറ്റിൽ നിന്നുള്ള വെടിയൊച്ചകൾക്ക് സാക്ഷിയായി. പിന്നീട് നേരിട്ട ഓരോ പന്തിലും ആ ജീവന്റെ വില ആ ബാറ്റിൽ നിന്ന് പിന്നീട് സിക്‌സായും ഫോറായും തുടർച്ചയായി പിറന്നു. ഒടുവിൽ വെറും 42 പന്തിൽനിന്ന് 89 റൺസടിച്ച് സഞ്ജു മടങ്ങുമ്പോൾ, ഇന്ത്യ വമ്പൻ സ്‌കോർ ഉറപ്പിച്ചിരുന്നു. മനോഹരമായ ടൈമിങ്ങും കരുത്തുറ്റ ഷോട്ടുകളും ഒത്തുചേർന്നപ്പോൾ സഞ്ജുവിന്റെ ഇന്നിങ്‌സ് സെമി ഫൈനലിന്റെ ആവേശം വാനോളമുയർത്തി. ഏറക്കുറേ അതിന്റെ തനിയാവർത്തനമായി
14-ാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജു പിന്നീട് പുറത്തായത്. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ വിൽ ജാക്‌സ് തന്ത്രപരമായാണ് കുടുക്കിയത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് വൈഡായി എറിഞ്ഞ പന്തിൽ ഒരു ഇൻസൈഡ്-ഔട്ട് ഡ്രൈവിനായി സഞ്ജു ശ്രമിച്ചു. എന്നാൽ പന്ത് ബാറ്റിൽ കൃത്യമായി കൊള്ളാതെ ഡീപ്പ് കവറിൽ ഫിൽ സാൾട്ടിന്റെ കൈകളിൽ അവസാനിച്ചു. എട്ട് ഫോറും ഏഴ് സിക്സും ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.
Content Highlights: Sanju Samson scored a crucial 89 runs from just 42 balls., A dropped catch by England's captain Harry Brook