ഗെയ്ക്വാദില്ലേ, പിന്നെന്തിന് ചെന്നൈക്ക് സഞ്ജു?; ലക്ഷ്യം മറ്റൊന്നെന്ന് ഇന്ത്യൻ ബാറ്റർ

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസണും ​ഗെയ്ക്വാദും | AFP
സഞ്ജു സാംസണും ​ഗെയ്ക്വാദും | AFP

ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിലൊന്നായിരുന്നു മലയാളി താരം സഞ്ജു സാംസണിന്റേത്. രാജസ്ഥാൻ നായകനായിരുന്ന സഞ്ജു ചെന്നൈയിലേക്കും രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലേക്കും കൂടുമാറി. അടുത്ത സീസണിൽ സഞ്ജുവിന്റെ പ്രകടനത്തിനായുള്ള കാത്തിരിപ്പിൽ കൂടിയാണ് ആരാധകർ. ഇപ്പോഴിതാ ഈ താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റർ ഹനുമ വിഹാരി. സഞ്ജുവിന്റെ വലിയ ആരാധക പിന്തുണയാണ് ചെന്നൈ ടീമിലെടുക്കാൻ കാരണമെന്ന് വിഹാരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

ദക്ഷിണേന്ത്യയിൽ സാംസണിന് വലിയ ആരാധക പിന്തുണയുണ്ട്. ഐപിഎല്ലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ക്രിക്കറ്റ് മാത്രമല്ല കടന്നുവരേണ്ടത്. കാരണം, ഐപിഎൽ ഉടമകൾ ക്രിക്കറ്റിനപ്പുറം ചിന്തിക്കുകയും ഒരു കളിക്കാരന് ടീമിന് എത്രത്തോളം വാണിജ്യപരമായ മൂല്യം കൊണ്ടുവരാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു."- വിഹാരി വീഡിയോയിൽ പറഞ്ഞു.

സാംസൺ വലിയ ആരാധക പിന്തുണയുള്ള ഒരു ക്രിക്കറ്ററാണ്. എവിടെ മത്സരങ്ങൾ നടന്നാലും കേരളത്തിലെ ആരാധകർ വന്ന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സീസണിൽ സിഎസ്‌കെയ്ക്ക് ഓപ്പണർമാരുടെ ആവശ്യമില്ല. അവർക്ക് ഇതിനകം ഓപ്പണർമാരുണ്ട്. ഋതുരാജ് ഗെയ്‌ക്വാദ് ഓപ്പണറായി കളിക്കുന്ന താരമാണ്. അതിനാൽ, യഥാർത്ഥത്തിൽ അവർക്ക് സഞ്ജുവിനെ ടീമിൽ ആവശ്യമില്ലായിരുന്നു- വിഹാരി കൂട്ടിച്ചേർത്തു.

പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി സഞ്ജു മൂന്നാം നമ്പറിലാണ് കളിച്ചത്. അതിനാൽ ചെന്നൈയിൽ സഞ്ജു ഓപ്പണറാകാൻ സാധ്യതയില്ലെന്നും വൺഡൗണായി തന്നെ ഇറങ്ങാനാണ് സാധ്യതയെന്നും അദ്ദേഹം പ്രതികരിച്ചു.

സഞ്ജു ചെന്നൈയിലെത്തിയ ട്രേഡ് ഡീലിന്റെ ഭാഗമായി രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും രാജസ്ഥാൻ റോയൽസിലെത്തുകയും ചെയ്തു. എം.എസ്. ധോനിക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജു സാംസൺ 2021 മുതൽ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വർഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. എന്നാൽ ഇക്കുറി ടീമിനെ നയിക്കുന്നത് ഋതുരാജ് ഗെയ്ക്വാദാണ്. 2019 മുതൽ ചെന്നൈയുടെ നെടുംതൂണാണ് ഋതുരാജ്. ചെന്നൈക്കായി 71 മത്സരങ്ങളിൽ നിന്നായി 2502 റൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും 20 അർധസെഞ്ചുറിയുമുണ്ട്.

സഞ്ജു സാംസണിനെ ട്രേഡ് ഡീലിലൂടെ തട്ടകത്തിലെത്തിച്ച ചെന്നൈ ലേലത്തിൽ വൻ തുക മുടക്കുകയും ചെയ്തു. യുപി ഓൾറൗണ്ടർ പ്രശാന്ത് വീറിനെ റെക്കോഡ് തുക കൊടുത്ത് വാങ്ങിയ ചെന്നൈ പിന്നാലെ മറ്റൊരു അൺക്യാപ്ഡ് താരമായ കാർത്തിക് ശർമയ്ക്കും 14.20 കോടി തന്നെ മുടക്കി. ജഡേജ ടീം വിട്ട പശ്ചാത്തലത്തിൽ ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് സിഎസ്‌കെ. പ്രശാന്ത് വീർ ഓൾറൗണ്ടറാണെങ്കിൽ കാർത്തിക് ശർമ വിക്കറ്റ് കീപ്പറാണ്. സഞ്ജുവിനും കാർത്തിക്കിനും പിന്നാലെ ഉർവിൽ പട്ടേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

Content Highlights: CSK Did Not Need Sanju Samson, India Star Reveals Reason Behind Trade deal