'അന്ന് ലോകകപ്പ് സെമിയിൽ സച്ചിനുവേണ്ടി ഡിആർഎസിന്റെ ഫ്രെയിം മാറ്റി'-പാക് താരത്തിനെതിരെ ആരാധകർ

2011 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സെമി ഫൈനൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മത്സരങ്ങളിലൊന്നായിരുന്നു. മാർച്ച് 30-ന് എംഎസ് ധോനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിലുള്ള പാകിസ്താനെ നേരിട്ടു. 115 പന്തിൽ 85 റൺസ് അടിച്ച സച്ചിന്റെ ബാറ്റിങ് മികവിൽ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടി. ഒടുവിൽ 29 റൺസിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.
ഇപ്പോഴിതാ ആ മത്സരത്തെ കുറിച്ചുള്ള ഒരു വീഡിയോ വീണ്ടും ചർച്ചയാകുകയാണ്. സച്ചിൻ 23 റൺസിൽ നിൽക്കുമ്പോൾ എൽ.ബി.ഡബ്ല്യുവിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. അതിനെ കുറിച്ച് അന്ന് ബൗൾ ചെയ്തിരുന്ന പാക് താരം സയീദ് അജ്മൽ വിശദീകരിക്കുന്ന വീഡിയോയാണ് വീണ്ടും ചർച്ചയായത്. അന്ന് സച്ചിൻ ഔട്ടാണെന്ന് ഫീൽഡ് അമ്പയർ ഇയാൻ ഗൗൾഡ് വിരൽ ഉയർത്തിയെങ്കിലും സച്ചിൻ റിവ്യൂ നൽകുകയായിരുന്നു. പന്ത് ലെഗ് സ്റ്റമ്പിൽ തട്ടാതെയാണ് കടന്നുപോയതെന്ന് റിവ്യൂ കാണിച്ചതോടെ സച്ചിന് ജീവൻ തിരിച്ചുകിട്ടി.
എന്നാൽ അന്ന് യഥാർഥത്തിൽ സച്ചിൻ ഔട്ടായിരുന്നുവെന്നും ഡിആർഎസിന്റെ അവസാന ഫ്രെയിം സച്ചിന് അനുകൂലമായി മാറ്റിയതെന്നാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അജ്മൽ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'അവർ വളരെ നന്നായി തുടങ്ങി. പിന്നീട് അവർക്ക് കുറച്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അമ്പയർ അത് ഔട്ട് എന്ന് വിധിച്ചു. മറുവശത്ത് ബാറ്റ് ചെയ്തിരുന്ന ഗംഭീറും സച്ചിനും അത് ഔട്ടാണെന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്. എന്നാലും ഒരു അവസരം കൂടി നോക്കാം എന്ന് പറഞ്ഞാണ് റിവ്യൂവിന് കൊടുത്തത്. അന്ന് ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റിയെന്നാണ് ഇന്നും എനിക്ക് തോന്നുന്നത്.'അജ്മൽ വ്യക്തമാക്കി.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ഒട്ടേറെപ്പേരാണ് അജ്മലിനെ വിമർശിച്ച് രംഗത്തെത്തിയത്. പാകിസ്താൻ താരങ്ങൾ ഇത്രയും മണ്ടൻമാരാണോ? എന്നാണ് ഒരാൾ കുറിച്ചത്. എല്ലാ പാകിസ്താൻ താരങ്ങളും ഇങ്ങനെ കള്ളം പറയുന്നവരാണോ എന്നും ചിലർ കുറിച്ചിട്ടുണ്ട്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും പ്രത്യേകിച്ച് ടെസ്റ്റിൽ പന്ത് കൊണ്ട് തിളങ്ങിയ അജ്മലിന്റെ സുവർണ വർഷമായിരുന്നു 2011. ആ വർഷം എട്ട് മത്സരങ്ങളിൽ നിന്ന് 50 വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി മാറിയിരുന്നു. 2015 ഏപ്രിലിൽ മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം തന്റെ അവസാന ഏകദിനം കളിച്ചത്. 113 ഏകദിനങ്ങളിൽ നിന്ന് 4.18 എന്ന മികച്ച ബോളിംഗ് ഇക്കോണമിയോടെ അജ്മൽ 184 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 35 ടെസ്റ്റുകളിൽ നിന്ന് 178 വിക്കറ്റുകളും നേടി. അതിൽ അവസാനത്തേത് 2014-ൽ ശ്രീലങ്കയിലെ കൊളംബോയിലായിരുന്നു.
Content Highlights: Saeed Ajmal claims the last frame of the DRS was changed during the 2011 World Cup semi-final., Sachin Tendulkar survived an LBW appeal on 23 after taking a successful review on Gautam Gambhir's advice., India scored 260/9 with Tendulkar making 85 and won the match by 29 runs against Pakistan., Ajmal finished his career with impressive international wicket tallies across formats.