സഞ്ജുവിനെ കുറിച്ച് ചോദ്യം, ‘നീ പോ മോനെ ദിനേശാ’ എന്ന് സച്ചിൻ; ഏറ്റെടുത്ത് ആരാധകർ

#സ്പോർട്സ് ഡെസ്ക്
സഞ്ജു സാംസണും മോഹൻലാലും | X.com/@ChennaiIPL
സഞ്ജു സാംസണും മോഹൻലാലും | X.com/@ChennaiIPL

ന്യൂഡൽഹി: കരിയറിലെ മുന്നോട്ടുപോക്കിന് ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉപദേശങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞയാളാണ് സഞ്ജു സാംസൺ. കഴിഞ്ഞ ടി20 ലോകകപ്പ് വിജയത്തിന് ശേഷം സച്ചിനുമായി സംസാരിച്ച കാര്യം സഞ്ജു തന്നെ പറഞ്ഞിരുന്നു. ആ ലോകകപ്പിലെ മികച്ച താരവും സഞ്ജുവായിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ചുള്ള ചോദ്യത്തിന് സച്ചിൻ നൽകിയ ഒരു മറുപടി വൈറലാകുകയാണ്. റെഡിറ്റിലെ ആസ്‌ക് മി എനിത്തിങ് സെഷനിലായിരുന്നു സച്ചിന്റെ പ്രതികരണം.

റെഡിറ്റിൽ സച്ചിനോട് ഒരാൾ ചോദിച്ച ചോദ്യമിങ്ങനെ, താങ്കളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ടി20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നുവെന്നുമാണ് സഞ്ജു നേരത്തേ പറഞ്ഞിരുന്നത്. എന്തായിരുന്നു താങ്കൾ ആ സമയത്ത് സഞ്ജുവിനോട് പറഞ്ഞത് ?

ഈ ചോദ്യത്തിന് രസകരമായ രീതിയിലാണ് സച്ചിൻ മറുപടി പറഞ്ഞത്. അതും മലയാള സിനിമയിലെ ഒരു ഡയലോഗോടെ. നീ പോ മോനെ ദിനേശാ, ഇതിന്റെ അർഥം സഞ്ജു പറഞ്ഞുതരും. എന്നായിരുന്നു സച്ചിന്റെ മറുപടി. നരസിംഹം സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന ഡയലോഗാണിത്. ഈ മറുപടി ആരാധകർ ഏറ്റെടുത്തു. ലാലേട്ടന്റെ ഡയലോഗ് സച്ചിന് അറിയാമായിരുന്നോ എന്നതടക്കം കമന്റുകൾ നിറഞ്ഞു.

ടി20 ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെയാണ് സച്ചിന്റെ ഇടപെടലിനെ കുറിച്ച് സഞ്ജു സാംസൺ പറഞ്ഞത്. ഒരുപാട് മുൻ താരങ്ങൾ എന്നെ പിന്തുണച്ചെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ സച്ചിൻ സാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ പല തവണ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഉപദേശത്തിനപ്പുറം മറ്റെന്താണ് നമുക്ക് വേണ്ടത്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ഇത് എന്ന സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണ്. ഇതെനിക്ക് ഇപ്പോൾ തന്നെ ആഘോഷിക്കണം- സഞ്ജു അന്ന് പറഞ്ഞു. ഇത് മുൻനിർത്തിയാണ് സച്ചിനോട് ചോദ്യം ചോദിച്ചത്.

Content Highlights: Sachin Tendulkar referenced a famous Mohanlal dialogue when asked about Sanju Samson