സച്ചിന് ആശാരിപ്പണിയും വശമുണ്ടോ? കാർപെന്ററി കിറ്റുമായി നടന്നതിന്റെ രഹസ്യം വെളിപ്പെടുത്തി സച്ചിൻ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌
Photo: x.com/sachin_rt/
Photo: x.com/sachin_rt/

24 വർഷം നീണ്ട അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 34,357 റൺസും 100 സെഞ്ചുറികളും നേടിയ ഇതിഹാസതാരമാണ് സച്ചിൻ തെണ്ടുൽക്കർ. കളിക്കളത്തിലെ സച്ചിന്റെ പ്രകടനത്തിന് പിന്നിൽ വലിയ രീതിയിലുള്ള തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. കളി ഉപകരണങ്ങളോടും പ്രത്യേകം തയ്യാറാക്കിയ ഭാരമേറിയ ബാറ്റുകളോടും അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ ശ്രദ്ധയും അർപ്പണബോധവും എടുത്തുപറയേണ്ട ഒന്നാണ്.

സോഷ്യൽ മീഡിയയിൽ സച്ചിൻ പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. മരപ്പണി ഉപകരണങ്ങൾ ഉപയോഗിച്ച് ബാറ്റ് ചെത്തിയൊരുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ക്രിക്കറ്റ് ബാറ്റുമായുള്ള തനിക്കുള്ള സവിശേഷ ബന്ധത്തെക്കുറിച്ച് സച്ചിൻ വെളിപ്പെടുത്തുകയുണ്ടായി. ബാറ്റ് കൈകളിൽ പിടിക്കുമ്പോൾ കൃത്യമായ അനുഭവം ലഭിക്കുന്നതിനായി സ്വന്തം മരപ്പണി ഉപകരണങ്ങൾ താൻ തന്നെ അതിന് അനുയോജ്യമായ രൂപം നൽകുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

'എന്നെ സംബന്ധിച്ചിടത്തോളം ബാറ്റ് എന്നത് വെറുമൊരു കായിക ഉപകരണം മാത്രമായിരുന്നില്ല. കൈയിൽ പിടിക്കുമ്പോൾ അത് എങ്ങനെയൊക്കെ അനുഭവപ്പെടണം എന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഓരോ ചെറിയ കാര്യവും വരെ എന്റെ മനസിലുണ്ടായിരുന്നു. അതുകൊണ്ട്, പലപ്പോഴും ഞാൻ എന്റെ മരപ്പണി ഉപകരണങ്ങൾ എടുത്ത് അതിൽ സ്വന്തമായി പണികൾ ചെയ്യുമായിരുന്നു; എനിക്ക് ശരിയെന്ന് തോന്നുന്ന പാകത്തിലാകുന്നതുവരെ അതിന്റെ രൂപത്തിലും മറ്റും മാറ്റങ്ങൾ വരുത്തുമായിരുന്നു. അതുകൊണ്ടാവാം ആ ചെറിയ നിമിഷങ്ങളെല്ലാം എനിക്ക് ഇത്രയേറെ പ്രിയപ്പെട്ടതായി തോന്നുന്നത്. യഥാർത്ഥത്തിൽ അവ ബാറ്റിനെക്കുറിച്ചുള്ളതായിരുന്നില്ല; മറിച്ച്, അതിനെ എന്റേതായ ഒന്നാക്കി മാറ്റുന്നതിനെക്കുറിച്ചായിരുന്നു.'-സച്ചിൻ കുറിച്ചു.

സച്ചിനെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതും പ്രോത്സാഹിപ്പിച്ചതും ജ്യേഷ്ഠൻ അജിത് തെണ്ടുൽക്കറായിരുന്നു. ചെറുപ്പത്തിൽ ജ്യേഷ്ഠന്റെ ബാറ്റ് ഉപയോഗിച്ചാണ് സച്ചിൻ കളിച്ചു തുടങ്ങിയത്. തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഉപയോഗിക്കുന്നതിനേക്കാൾ ഭാരമുള്ളതായിരുന്നു ആ ബാറ്റ്. ആ ഭാരവുമായി ചെറുപ്പത്തിലേ പൊരുത്തപ്പെട്ടതിനാൽ കരിയറിലുടനീളം ഭാരമേറിയ ബാറ്റുകൾ ഉപയോഗിക്കുന്ന ശീലം അദ്ദേഹം തുടർന്നു.

ഭാരം കുറഞ്ഞ ബാറ്റുകളിലേക്ക് മാറാൻ പലരും പ്രോത്സാഹിപ്പിച്ചെങ്കിലും, അതൊരിക്കലും തനിക്ക് കംഫർട്ടബിൾ ആയി തോന്നിയില്ലെന്ന് തന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യിൽ സച്ചിൻ വിശദീകരിക്കുന്നുണ്ട്. തന്റെ ബാറ്റ് സ്വിങ്ങും ഡ്രൈവ് ചെയ്യുമ്പോൾ ലഭിക്കുന്ന കരുത്തും ആ ഭാരത്തെ ആശ്രയിച്ചായിരുന്നു ഇരുന്നത്. ബാറ്റ് എന്നത് സ്വന്തം കൈകളുടെ ഒരു തുടർച്ചയായി മാറണമെന്നും, എതിരാളികളോ കളിക്കുന്ന സ്ഥലമോ ഏതായാലും തനിക്ക് കംഫർട്ടബിൾ ആയി തോന്നുക എന്നതിനാണ് മുൻഗണന നൽകിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എംആർഎഫ് ആയിരുന്നു കരിയറിന്റെ പ്രധാന ഘട്ടങ്ങളിൽ സച്ചിന്റെ ബാറ്റ് സ്‌പോൺസർ. പിന്നീട് അഡിഡാസ് സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു. ഇവർ നൽകുന്ന ബാറ്റ് സച്ചിൻ അതേപടി ഉപയോഗിക്കാറില്ലായിരുന്നു. മരപ്പണി ഉപകരണങ്ങൾ സച്ചിൻ എപ്പോഴും കൈയിൽ കരുതുമായിരുന്നു.

Content Highlights: Sachin Tendulkar carried carpentry tools to customize his cricket bats., He modified his bats to ensure the perfect grip, feel, and swing., He preferred heavier bats throughout his career, a habit from childhood., Brands like MRF and Adidas sponsored his bats, but he always finalized the shaping himself.