രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തുമോ? ഇല്ലെന്ന് മുംബൈ ഇന്ത്യൻസ്, ഹാർദിക്കിനെ ട്രേഡ് ചെയ്തേക്കും

മുംബൈ: ഐപിഎൽ 2027 സീസണിൽ രോഹിത് ശർമ മുംബൈ ഇന്ത്യൻസ്സിന്റെ ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ തിരിച്ചടികൾ നേരിട്ടതിനെ തുടർന്നാണ് ടീമിന് അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച ക്യാപ്റ്റനിലേക്ക് മുംബൈ ഇന്ത്യൻ മടങ്ങാനൊരുങ്ങുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് തന്നെ ഇക്കാര്യങ്ങൾ നിഷേധിച്ചിരിക്കുകയാണ്. മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശർമ വീണ്ടും എത്തിയേക്കുമെന്ന പ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് ഫ്രാഞ്ചൈസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അടുത്ത ഐപിഎൽ സീസണിലെ നായകനെക്കുറിച്ച് ഇതുവരെ ആഭ്യന്തര ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അവർ സ്ഥിരീകരിച്ചു. അതേസമയം, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ട്രേഡ് ചെയ്യാനുള്ള സാധ്യത മുംബൈ ഇന്ത്യൻസ് പരിശോധിക്കുന്നുണ്ടെന്നും അതിനായുള്ള നിർദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാണെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി. എന്നാൽ ഹാർദിക്കിന്റെ ട്രേഡുമായി ബന്ധപ്പെട്ട് അനുയോജ്യമായ കരാറുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് വൻ ട്രേഡ് നീക്കത്തിലൂടെയായിരുന്നു ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെ രണ്ട് സീസണുകളിൽ നയിച്ച ഹാർദിക്, 2022-ൽ ടീമിന് ഐപിഎൽ കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഹാർദിക്കിന്റെ നായകത്വത്തിന് കീഴിൽ മുംബൈ ഇന്ത്യൻസിന് പ്രതീക്ഷിച്ച ഫലങ്ങൾ കൈവരിക്കാൻ സാധിച്ചില്ല. 2024-ലെ ഐപിഎല്ലിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. തുടർന്നുള്ള സീസണിൽ ക്വാളിഫയർ 2വരെ എത്തിയെങ്കിലും 2026 ഐപിഎൽ സീസൺ ഒമ്പതാം സ്ഥാനത്താണ് മുംബൈ അവസാനിപ്പിച്ചത്.
2027 ഐപിഎല്ലിന് മുന്നോടിയായി ഹാർദിക് ടീം വിടുകയാണെങ്കിൽ പോലും, രോഹിത്തിനെ പരിഗണിക്കാതെ തന്നെ മുംബൈ ഇന്ത്യൻസിന് മുന്നിൽ മറ്റ് ക്യാപ്റ്റൻസി സാധ്യതകളുണ്ട്. ഹാർദിക് ടീം വിടുകയാണെങ്കിൽ സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവരാണ് ടീമിനെ നയിക്കാൻ മുന്നിലുള്ള പ്രധാന താരങ്ങൾ. ന്യൂസീലൻഡ് ഓൾറൗണ്ടർ മിച്ചൽ സാന്റ്നറും ഈ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
2026 ടി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടുപിന്നാലെ മോശം ബാറ്റിങ് ഫോം കാരണം അദ്ദേഹത്തിന് ക്യാപ്റ്റൻസിയും ഇന്ത്യൻ ടീമിലെ സ്ഥാനവും നഷ്ടമായി. അതേസമയം, മുംബൈ ഇന്ത്യൻസ് സ്ക്വാഡിൽ സ്ഥാനം ഉറപ്പിച്ച വളർന്നുവരുന്ന ഇന്ത്യൻ താരമായ തിലക് വർമ, നിലവിൽ ഇന്ത്യൻ ടി 20 ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്.
Content Highlights: Mumbai Indians denied reports of Rohit Sharma returning as captain for IPL 2027., The franchise is exploring trade options for all-rounder Hardik Pandya., Suryakumar Yadav, Tilak Varma, and Mitchell Santner are considered alternative captaincy options if Hardik leaves.