പതറിയ കരിയറിന് ലോർഡ്സിലെ മറുപടി; കോലിയുടെ ആലിംഗനം, ഗംഭീറിന്റെ കൈയടി, രോഹിത് ഈസ് ബാക്ക്!

ലണ്ടൻ: എഴുതിത്തള്ളിയവർക്കും കരിയറിന്മേൽ സംശയമുയർത്തിയവർക്കും മുന്നിൽ രോഹിത് ശർമ അന്തസ്സോടെ തലയുയർത്തിനിന്നു. കഴിഞ്ഞ കുറച്ചുനാളുകളായി കരിയറിലെ കടുത്ത ഫോമില്ലായ്മയിലൂടെയും സമ്മർദങ്ങളിലൂടെയുമാണ് അദ്ദേഹം കടന്നുപോയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 11 റൺസിനും രണ്ടാമത്തേതിൽ 26 റൺസിനും പുറത്തായതോടെ, രോഹിത്തിന് പഴയതുപോലെ അനായാസമായി ബാറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. കൂടാതെ തന്റെ അവസാന 8 ഇന്നിങ്‌സുകളിൽ ഒരൊറ്റ ഫിഫ്റ്റി പ്ലസ് സ്‌കോർ പോലുമില്ലാതിരുന്ന താരം വലിയ രീതിയിലുള്ള പ്രതിസന്ധി നേരിട്ടു. ഇതോടെ 2027 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടായേക്കില്ലെന്നും അഭ്യൂഹങ്ങളുയർന്നു.
ഇത്തരം വിമർശനങ്ങൾക്കും സമ്മർദങ്ങൾക്കും നടുവിലാണ് ലോഡ്‌സിലെ ചരിത്ര മൈതാനത്ത് രോഹിത് തന്റെ ക്ലാസ് ഒരിക്കൽക്കൂടി പുറത്തെടുത്തത്. പതിവിന് വിപരീതമായി കിട്ടുന്നതെല്ലാം അടിച്ചുപറത്തുക എന്ന ശൈലിക്ക് മുതിരാതെ പന്തുകളെ തല്ലിയും തലോടിയും വേണ്ടത്ര ക്ഷമ കാണിച്ചാണ് രോഹിത് ഇന്ന് കളിച്ചത്. സമയമെടുത്ത് പിച്ചിലെ താളം കണ്ടെത്തിയ അദ്ദേഹം പന്തുകളെ വളരെ സെലക്ടീവായാണ് നേരിട്ടത്.
ഒടുവിൽ ജോഫ്ര ആർച്ചറിന്റെ ഓവറിൽ അർധസെഞ്ചുറി തികച്ച രോഹിത്, ഫിഫ്റ്റിയിലേക്കെത്തിയത് മനോഹരമായ ഒരു സ്‌കൂപ്പ് ഷോട്ടിലൂടെയായിരുന്നു. അർധസെഞ്ചുറിയിലെത്തിയതും പിന്നീട് സെഞ്ചുറിയിലെത്തിയതും ഫോറടിച്ച് കൊണ്ടായിരുന്നു എന്നത് അദ്ദേഹത്തിലെ നിർഭയത്വം ഒട്ടും കെട്ടുപോയിട്ടില്ലെന്നതിന്റെ തെളിവാണ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഒന്നാം വിക്കറ്റിൽ 147 റൺസ് പടുത്തുയർത്തിയ രോഹിത്, ലോഡ്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും രണ്ടാമത്തെ വലിയ ഓപ്പണിങ് പാർട്ട്ണർഷിപ്പ് കൂടിയാണ് കെട്ടിപ്പടുത്തത്.
രോഹിത്തിന്റെ കരിയറിലെ 34-ാം ഏകദിന സെഞ്ചുറിയാണിത്. സെഞ്ചുറി നേട്ടത്തിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറും സഹതാരങ്ങളും എഴുന്നേറ്റുനിന്ന് കൈയടിച്ചപ്പോൾ, വിരാട് കോലി ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. തന്റെ ഹെൽമറ്റ് മാറ്റാതെ, തികച്ചും ശാന്തമായി ബാറ്റ് ആകാശത്തേക്കുയർത്തി ലോഡ്‌സിലെ നിറഞ്ഞ ഗാലറിയെ അഭിവാദ്യം ചെയ്ത രോഹിത്, തനിക്കെതിരെ ഉയർന്ന എല്ലാ ചോദ്യങ്ങളെയും ബാറ്റുകൊണ്ട് അടിച്ചുപറത്തി. 110 പന്തിൽ അഞ്ച് സിക്‌സും 17 ബൗണ്ടറിയും സഹിതം 138 റൺസ് നേടിയാണ് അദ്ദേഹം മടങ്ങിയത്. 39-ാം ഓവറിൽ ജേക്കബ് ബെതലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.