93 മത്സരങ്ങള്‍; 5000 റണ്‍സ്; ചരിത്രം കുറിച്ച് രോഹന്‍ പ്രേം

Rohan Prem | Photo: facebook.com/rohan.prem.351
Rohan Prem | Photo: facebook.com/rohan.prem.351

തിരുവനന്തപുരം: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് കേരളത്തിന്റെ സ്വന്തം രോഹന്‍ പ്രേം. രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രോഹനാണ് ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതും സെഞ്ചുറിനേടിയതും. ട്വന്റി 20-യില്‍ കേരളത്തിനായി 1000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററും രോഹനാണ്. അണ്ടര്‍ 13 മുതല്‍ എല്ലാ കാറ്റഗറിയിലും കേരളത്തിനായി കളിക്കുകയും സെഞ്ചുറിനേടുകയും ടീമിനെ നയിക്കുകയും ചെയ്‌തെന്ന പ്രത്യേകതയും രോഹനുണ്ട്.

19-ാം വയസ്സില്‍ രഞ്ജിയില്‍ കേരളത്തിനായി പാഡണിഞ്ഞ രോഹന്‍ 17 വര്‍ഷത്തിനിടെ 90 മത്സരങ്ങളില്‍ ബാറ്റേന്തി. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനെതിരേ ഗ്രൗണ്ടിലിറങ്ങിയപ്പോള്‍, 88 മത്സരങ്ങള്‍ കളിച്ച കെ.എന്‍. അനന്തപദ്മനാഭന്റെ റെക്കോഡാണ് രോഹന്‍ മറികടന്നത്. ഈ സീസണിലെ ആദ്യ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരേ രണ്ട് ഇന്നിങ്സുകളിലും അര്‍ധസെഞ്ചുറി നേടിയിരുന്നു. ചൊവ്വാഴ്ച സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ ഛത്തീസ്ഗഢിനെതിരേ എട്ടു റണ്‍സ് നേടിയപ്പോഴാണ് 5000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്.

2005 ഡിസംബറില്‍ 19-ാം വയസ്സിലാണ് രോഹന്റെ അരങ്ങേറ്റം. അന്ന് കൂടെക്കളിച്ച ടിനു യോഹന്നാനാണ് ഇപ്പോഴത്തെ കേരള ടീമിന്റെ പരിശീലകന്‍. കേരളംകണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ രോഹന്‍ മൂന്ന് തലമുറകള്‍ക്കൊപ്പം കേരളത്തിന്റെ ജേഴ്സിയണിഞ്ഞു. അണ്ടര്‍ 19 ദേശീയടീമില്‍ ഇന്നത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കളിച്ചിട്ടുണ്ട്.

സുനില്‍ ഗാവസ്‌കറുടെ ആരാധകനായ പ്രേം ഭാസിന്‍ തന്റെ മകന് ഗാവസ്‌കറുടെ മകന്റെ പേരാണ് നല്‍കിയത്. ഇന്ത്യാ സിമന്റ്സ് ടീമില്‍ കളിക്കുന്ന രോഹന്‍ കണ്ണമ്മൂല ഐശ്വര്യയിലാണ് താമസം. ജാക്വിലിന്‍ വില്‍ഫ്രഡാണ് അമ്മ. ഭാര്യ അഞ്ജു. ഇഷിതയും ഋതികയുമാണ് മക്കള്‍.

രഞ്ജി-

മത്സരങ്ങള്‍ - 90

റണ്‍സ് - 4938

ഉയര്‍ന്ന സേ്കാര്‍ - 208

100 - 12

50 - 23

ശരാശരി - 39.5

ദുലീപ് ട്രോഫി

സൗത്ത്സോണ്‍

മത്സരങ്ങള്‍ - 3

റണ്‍സ് - 83

ഉയര്‍ന്ന സേ്കാര്‍ - 35

'വളരെ സന്തോഷം. കുടുംബത്തോടും കൂടെക്കളിച്ചവരോടും സ്‌നേഹവും കടപ്പാടും. കോവിഡ് കവര്‍ന്ന രണ്ടുകൊല്ലത്തെ ഇടവേളയ്ക്കുശേഷവും എന്നില്‍ വിശ്വാസമര്‍പ്പിച്ച സെലക്ടര്‍മാര്‍ക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നന്ദി.' -രോഹന്‍ പ്രേം

Content Highlights: rohan prem, kerala cricket, 5000 club