ക്രിക്കറ്റ് ആവേശമാക്കാൻ കെസിഎ; 'റോഡ് ടു കെസിഎൽ' പദ്ധതി പ്രഖ്യാപിച്ച് കായിക മന്ത്രി

തിരുവനന്തപുരം: പുതിയ തലമുറയ്ക്ക് ക്രിക്കറ്റിൽ മികച്ച അവസരങ്ങളൊരുക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ 'റോഡ് ടു കെസിഎൽ.' പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും കായികമന്ത്രി ഒ.ജെ. ജെനീഷ് നിർവഹിച്ചു.
ചടങ്ങിൽ എഴുപതാമത് ദേശീയ സ്കൂൾ ഗെയിംസ് അണ്ടർ-19 ആൺകുട്ടികളുടെ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായ കേരള ടീം അംഗങ്ങളെ മന്ത്രിയും കെസിഎ ഭാരവാഹികളും ചേർന്ന് ആദരിച്ചു. ടീമിന് കെസിഎ അഞ്ച് ലക്ഷം രൂപ പാരിതോഷികവും നൽകി.
റോഡ് ടു കെസിഎൽ പദ്ധതി
ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാകാൻ അവസരമൊരുക്കുകയും സ്കൂൾ ക്രിക്കറ്റ് മത്സരങ്ങളിലൂടെ പ്രതിഭകളെ കണ്ടെത്തി ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലേക്കും കേരള ക്രിക്കറ്റ് ലീഗിലേക്കും വളർത്തിയെടുക്കുകയും ചെയ്യുന്ന ദീർഘകാല പദ്ധതിയാണ് റോഡ് ടു കെസിഎൽ.
പദ്ധതിക്കു കീഴിൽ ഇന്റർസ്കൂൾ ടൂർണമെന്റ്, വിവിധ ജില്ലാ-സംസ്ഥാന ടൂർണമെന്റുകൾ, വിദഗ്ധ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മികവ് തെളിയിക്കുന്ന താരങ്ങൾക്ക് കെസിഎ ഹൈ പെർഫോമൻസ് സെന്ററിൽ പരിശീലനം നേടാനും അവസരമൊരുക്കും.
ക്രിക്കറ്റിന് പ്രചാരം കുറവുള്ള ജില്ലകളിലേക്കും വിദ്യാലയങ്ങളിലേക്കും ഈ കായികയിനം വ്യാപിപ്പിക്കുക, സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പ്രോത്സാഹിപ്പിക്കുക, കായികാധ്യാപകരുടെ സജീവ സാന്നിധ്യം ഉറപ്പാക്കുക, പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
കെസിഎ ഇന്റർസ്കൂൾ ടൂർണമെന്റും 'ഫ്യൂച്ചർ സൂപ്പർ സ്റ്റാറും'
റോഡ് ടു കെസിഎൽ പദ്ധതിയുടെ ഭാഗമായി സ്കൂൾതലത്തിൽ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനും അവർക്ക് മത്സരപരിചയം നൽകാനുമായി തെരഞ്ഞെടുക്കപ്പെടുന്ന 20 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കെസിഎ. സംഘടിപ്പിക്കുന്ന ജില്ലാ ടൂർണമെന്റാണിത്. സംസ്ഥാനത്തെ അംഗീകൃത സർക്കാർ, എയ്ഡഡ്, സ്വകാര്യ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്ക് ഇതിലേക്ക് അപേക്ഷിക്കാം. ഒരു സ്കൂളിൽനിന്ന് ഒരു ടീമിനു മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവാദമുള്ളൂ.
15 ഓവർ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ഒരു ദിവസം പരമാവധി മൂന്ന് മത്സരങ്ങളായിരിക്കും ക്രമീകരിക്കുക. പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകൾക്കുമായി കെസിഎ പ്രത്യേക സെലക്ഷൻ പരിപാടികൾ ഒരുക്കും. മത്സരങ്ങൾ കെസിഎ ടാലന്റ് കമ്മിറ്റിയും സെലക്ഷൻ കമ്മിറ്റിയും നിരീക്ഷിക്കും. തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങൾക്ക് വിദഗ്ധ പരിശീലനവും സ്കോളർഷിപ്പുകളും നൽകുമെന്ന് കെസിഎ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന 20 സ്കൂളുകൾക്കു പുറമെ, അപേക്ഷ സമർപ്പിക്കുന്ന മറ്റ് വിദ്യാലയങ്ങളിലെ താരങ്ങൾക്കായി നെറ്റ്സ് സെലക്ഷനിലൂടെ 'ടാലന്റ് സ്കാൻ' സംഘടിപ്പിക്കും. ഇത്തരത്തിൽ 1,000 യുവതാരങ്ങൾക്ക് റോഡ് ടു കെസിഎൽ ഫ്യൂച്ചർ സൂപ്പർ സ്റ്റാർ പദ്ധതിയിലൂടെ പരിശീലനം നൽകും.
യോഗ്യതയും നിബന്ധനകളും
2026-27 അധ്യയന വർഷത്തിൽ ഏഴുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ യോഗ്യത. ഒരു സ്കൂളിന്റെ പ്രാഥമിക സ്ക്വാഡിൽ പരമാവധി 20 താരങ്ങളെ ഉൾപ്പെടുത്താം. ഒരേ സീസണിൽ ഒരു താരം ഒന്നിലധികം സ്കൂളുകൾക്കായി കളിക്കാൻ പാടില്ല. ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്ക് കെസിഎയുടെ പ്രത്യേക അനുമതിയുണ്ടെങ്കിൽ മാത്രമേ അവസരം ലഭിക്കൂ. മത്സരസമയത്ത് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സ്കൂൾ തിരിച്ചറിയൽ കാർഡ് എല്ലാ താരങ്ങളുടെയും പക്കൽ നിർബന്ധമായും ഉണ്ടായിരിക്കണം.
രജിസ്ട്രേഷനും രേഖകളും
കെസിഎയുടെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയാണ് സ്കൂളുകൾ രജിസ്റ്റർ ചെയ്യേണ്ടത്. പ്രാരംഭ അപേക്ഷയ്ക്ക് ഫീസില്ല. ഇരുപതിലധികം സ്കൂളുകൾ അപേക്ഷിച്ചാൽ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലെ മുൻകാല ക്രിക്കറ്റ് നേട്ടങ്ങൾ, പരിശീലനഅക്കാദമി സൗകര്യങ്ങൾ, അംഗീകൃത ടൂർണമെന്റുകളിലെ സ്ഥിരമായ പങ്കാളിത്തം, ഗ്രൗണ്ട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാകും ടീമുകളെ തിരഞ്ഞെടുക്കുക. അവസരം ലഭിക്കുന്ന സ്കൂളുകൾ ഓൺലൈൻ വഴി 1,000 രൂപ പ്രവേശന ഫീസായി അടയ്ക്കണം. ടൂർണമെന്റിൽ വിജയകരമായി പങ്കെടുക്കുന്ന ടീമുകൾക്ക് മത്സരശേഷം ഈ തുക തിരികെ നൽകും.
അപേക്ഷയോടൊപ്പം താരങ്ങളുടെ ജനനത്തീയതി തെളിയിക്കാനായി ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ്, പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അഡ്മിഷൻ രജിസ്റ്റർ പകർപ്പ്, പാസ്പോർട്ട് എന്നിവയിലൊന്ന് പോർട്ടലിൽ അപ്ലോഡ് ചെയ്യണം. സ്കൂൾ ബോണഫൈഡ് സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, മുൻകാല നേട്ടങ്ങളുടെ രേഖകൾ എന്നിവയും സമർപ്പിക്കണം. അപേക്ഷയിലെ വിവരങ്ങളുടെയും രേഖകളുടെയും ആധികാരികത പ്രിൻസിപ്പലോ സ്ഥാപന മേധാവിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം. അതത് ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്കൂൾ കമ്മിറ്റികളാണ് അപേക്ഷകളുടെ സൂക്ഷ്മപരിശോധന നടത്തുക.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി അതത് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അധ്യക്ഷനായ ജില്ലാതല ടൂർണമെന്റ് മാനേജ്മെന്റ് കമ്മിറ്റികളും കെസിഎ നിയോഗിക്കുന്ന സോണൽ കൺവീനർമാരും പ്രവർത്തിക്കും. രജിസ്ട്രേഷൻ തീയതികൾ, മത്സരക്രമം, വേദികൾ, സമയക്രമം എന്നിവ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് കെസിഎ ഭാരവാഹികൾ വ്യക്തമാക്കി.
Content Highlights: Kerala Sports Minister inaugurated the 'Road to KCL' initiative by the Kerala Cricket Association., Aims to find young cricket talents through inter-school tournaments and district selections for the 2026-27 academic year., Selected players receive expert training at KCA High Performance Centres and scholarships., Features a 15-over format tournament for 20 selected school teams and a 'Talent Scan' for 1,000 young players.