റൈസിങ് സ്റ്റാഴ്സ് ഏഷ്യാ കപ്പ്; അഭിഷേകിനും തിലകിനും അർധ സെഞ്ചുറി, ലങ്കയ്ക്കെതിരേ 318 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

ദോഹ: റൈസിങ് സ്റ്റാഴ്സ് ഏഷ്യാ കപ്പ് സെമിയിൽ ശ്രീലങ്ക എ ടീമിനെതിരേ 318 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ തിലക് വർമയുടെയും ഷഹബാസ് അഹമ്മദിന്റെയും അർധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു.
63 പന്തിൽ നിന്ന് ഒരു സിക്സും 11 ഫോറുമടക്കം 78 റൺസെടുത്ത അഭിഷേകാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 66 പന്തുകൾ നേരിട്ട തിലക് ഒരു സിക്സും മൂന്ന് ഫോറുമടക്കം 53 റൺസെടുത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓവറിൽ 10 റൺസെന്ന നിലയിൽ സ്കോർ ചെയ്ത ഈ സഖ്യം 48 പന്തിൽ 80 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 27 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്ത വൈഭവ്, ജനിത് ലിയാനഗെയുടെ പന്തിൽ ടൈമിങ് പിഴച്ച് പുറത്താകുകയായിരുന്നു.
രണ്ടാം വിക്കറ്റിൽ അഭിഷേകും തിലകും ചേർന്നും മികച്ച കൂട്ടുകെട്ടൊരുക്കി. 83 പന്തിൽ നിന്ന് ഇരുവരും 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതോടെ 21-ാം ഓവറിൽ സ്കോർ 150 കടന്നു. 22-ാം ഓവറിൽ അഭിഷേകിനെ ലഹിരു സമരകൂൻ പുറത്താക്കിയതോടെ ഇന്ത്യയുടെ സ്കോറിങ് റേറ്റ് താഴ്ന്നു. കുമാർ കുശാഗ്ര (21), റിങ്കു സിങ് (12) എന്നിവരെല്ലാം സ്കോർ ചെയ്യാൻ നന്നായി ബുദ്ധിമുട്ടിയതോടെ ലങ്ക മത്സരത്തിലേക്ക് തിരികെയെത്തി.
എന്നാൽ ആറാമനായി ക്രീസിലെത്തിയ ഷഹബാസ് അഹമ്മദ് നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളിൽ നടത്തിയ മികച്ച ബാറ്റിങ്ങാൻ ഇന്ത്യൻ സ്കോർ 300 കടത്തിയത്. ഏഴാം വിക്കറ്റിൽ തനുഷ് കോട്ടിയാനെ കൂട്ടുപിടിച്ച് ഷഹബാസ് 55 പന്തിൽ നിന്ന് 73 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 30 പന്തിൽ നിന്ന് 28 റൺസെടുത്ത തനുഷും നിർണായക സംഭാവന നൽകി. 48 പന്തിൽ നിന്ന് 54* റൺസെടുത്ത ഷഹബാസ് പുറത്താകാതെ നിന്നു. നാല് സിക്സറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlights: India scored 317/8 in 50 overs against Sri Lanka in the Rising Stars Asia Cup semi-final., Abhishek Sharma top-scored with 78 runs off 63 balls., Captain Tilak Varma contributed 53 runs., Shahbaz Ahmed played a crucial unbeaten knock of 54 runs off 48 balls.