'നീ എന്താ തമാശ കളിക്കുകയാണോ'; പന്തെറിയാന്‍ വൈകിയ കുല്‍ദീപിനോട് ചൂടായി ഋഷഭ് പന്ത് | Video

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ഗുവാഹാട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കുല്‍ദീപ് യാദവിനോട് ദേഷ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഋഷഭ് പന്ത്. ഓവര്‍ തുടങ്ങാന്‍ വൈകിയതിനായിരുന്നു പന്തിന്റെ ശകാരം. ഗുവാഹാട്ടി ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിലായിരുന്നു സംഭവം. ഓവര്‍ ആരംഭിക്കാന്‍ വൈകിയതിന് അതിനോടകം തന്നെ ടീമിന് ഫീല്‍ഡ് അമ്പയറില്‍ നിന്ന് ഒരു മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ കുല്‍ദീപ് ഓവര്‍ തുടങ്ങാന്‍ വൈകിയതോടെ രണ്ടാമത്തെ മുന്നറിയിപ്പും ലഭിച്ചു. ഇതോടെയാണ് പന്ത്, കുല്‍ദീപിനെ പരസ്യമായി ശകാരിച്ചത്.

ഒന്നാം ദിനത്തില്‍ തന്നെ പന്തിന് ആദ്യ മുന്നറിയിപ്പ് ലഭിച്ചിരുന്നു. രണ്ടാം ദിനം 88-ാം ഓവര്‍ എറിയാനാണ് കുല്‍ദീപ് എത്തിയത്. ഒരു ഓവര്‍ അവസാനിച്ച് 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങിയിരിക്കണമെന്നാണ് ഐസിസി നിയമം. കുല്‍ദീപ് ഇത് പാലിക്കാതിരുന്നതോടെ അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ, പന്തിനെ വീണ്ടും ശാസിച്ചു. സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും അമ്പയറുടെ ക്ഷമ നശിച്ചു തുടങ്ങുകയും ചെയ്തതോടെയാണ് ഒടുവില്‍ പന്ത് ശാസനയ്ക്ക് മുതിര്‍ന്നത്.

''ടൈമര്‍ ഓണാണ്. നിങ്ങള്‍ വീട്ടിലാണോ കളിക്കുന്നത്. ദയവുചെയ്ത് വേഗത്തില്‍ പന്തെറിയൂ. കുല്‍ദീപ് നിങ്ങള്‍ക്ക് രണ്ടാമത്തെ മുന്നറിയിപ്പ് ലഭിച്ചതല്ലേ. (ഫീല്‍ഡര്‍മാരോട്) നിങ്ങള്‍ക്ക് നീങ്ങി നില്‍ക്കാന്‍ ഒരോവര്‍ മുഴുവന്‍ വേണോ? എന്താ ടെസ്റ്റ് ക്രിക്കറ്റില്‍ തമാശ കളിക്കുകയാണോ?'' - കുല്‍ദീപിന്റെ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തു.

ഐസിസിയുടെ സ്റ്റോപ്പ്-ക്ലോക്ക് നിയമം

ഈ വര്‍ഷം ആദ്യമാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഐസിസി സ്റ്റോപ്പ്-ക്ലോക്ക് നിയമം അവതരിപ്പിച്ചത്. ഒരു ഓവര്‍ അവസാനിച്ച് ഒരു മിനിറ്റിനുള്ളില്‍ (60 സെക്കന്‍ഡ്) ഫീല്‍ഡിങ് ടീം അടുത്ത ഓവര്‍ ആരംഭിച്ചിരിക്കണമെന്നാണ് നിയമം. ഇത്തരത്തില്‍ രണ്ട് മുന്നറിയിപ്പുകള്‍ ലഭിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി ഓരോ തവണയും ബാറ്റിങ് ടീമിന് അഞ്ചു റണ്‍സ് വീതം ലഭിക്കും. ഓരോ 80 ഓവറിലും മുന്നറിയിപ്പുകളുടെ എണ്ണം പുനഃക്രമീകരിക്കും. 2024 ജൂണ്‍ മുതല്‍ ഏകദിനങ്ങളിലും ടി20-യിലും ഈ നിയന്ത്രണം നിലവിലുണ്ട്.

Content Highlights: Indian captain Rishabh Pant lost his cool at bowler Kuldeep Yadav for delaying the start of an over during the Test match against South Africa. Learn more.