ടി20 ലോകകപ്പ് ഫൈനലിലെ തന്റെ 'വ്യാജ പരിക്കിന്' പിന്നിലെ യഥാര്‍ത്ഥ കഥ വെളിപ്പെടുത്തി ഋഷഭ് പന്ത്

മുംബൈ: ട്വന്റി-20 ലോകകപ്പ് ഫൈനലിനിടെ ഋഷഭ് പന്തിനുണ്ടായ പരിക്ക് വ്യജമായിരുന്നുവെന്ന് അടുത്തിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വെളിപ്പെടുത്തിയത്. രോഹിതിന്റെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് ഇപ്പോള്‍ ഋഷഭ് പന്ത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ബര്‍ബദോസില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനല്‍ മത്സരത്തില്‍ അവരുടെ ചേസിങിന്റെ വേഗത കുറയ്ക്കാനാണ് പന്ത് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നായിരുന്നു രോഹിത് ശര്‍മ പറഞ്ഞത്.
ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ'യില്‍ സംസാരിക്കവേയാണ് രോഹിത് വെളിപ്പെടുത്തല്‍ നടത്തിയിരുന്ന്. ദക്ഷിണാഫ്രിക്കയ്ക്ക് അവസാന 24 പന്തില്‍ 26 റണ്‍സ് ആണ് വേണ്ടിയിരുന്നത്. ക്രീസില്‍ ക്ലാസനും ഡേവിഡ് മില്ലറും നന്നായി നിലയുറപ്പിച്ച് ബാറ്റ് ചെയ്യുന്നുണ്ട്, മത്സരത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരിക്കെയാണ് പന്തിന് പരിക്കേല്‍ക്കുന്നത്. ടീം ഫിസിയോ ഗ്രൗണ്ടിലെത്തി പന്തിനെ പരിശോധിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ താളം തെറ്റിക്കുന്നതിനായുള്ള ചെറിയൊരു സമയമെടുക്കലാണ് ഈ പരിക്ക് അഭിനയത്തിന് പിന്നിലെന്നാണ് രോഹിത് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പന്ത് തന്നെ ഈ കഥ വിവരിച്ചിരിക്കുന്നത്.
സ്റ്റാര്‍സ്പോര്‍ട്സ് ഷോയിലാണ് പന്തിന്റെ തുറന്നുപറിച്ചില്‍,' എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ശരിക്കും ചിന്തിക്കുകയായിരുന്നു, കാരണം കളിയുടെ ഗതി പെട്ടെന്ന് മാറി (ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായി), അവര്‍ രണ്ട് മൂന്ന് ഓവറുകളിലായി ധാരാളം റണ്‍സ് നേടിയിരുന്നു, ഇതൊരു ലോകകപ്പ് ഫൈനലാണെന്ന് കാര്യവും എന്റെ ചിന്തയിലെത്തി' പന്ത് പറഞ്ഞു.
'ഈ ഘട്ടത്തിലാണ് ഫിസിയോയുടെ സഹായം തേടി കുറച്ച് സമയം എടുക്കാന്‍ തീരുമാനിച്ചത്. ഫിസിയോയുടെ സഹായം ആവശ്യപ്പെട്ടപ്പോള്‍ രോഹിത് ഭായ് കാല്‍മുട്ടിന് ഓക്കെയാണോ എന്ന് ചോദിക്കുന്നുണ്ട്. ഞാനപ്പോള്‍ അഭിനയിക്കുകയായിരുന്നു. മത്സരങ്ങളില്‍ ചിലപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ഇത് എല്ലായ്പ്പോഴും ഗുണം ചെയ്യണമെന്നില്ല. എന്നാല്‍ ചില ഘട്ടത്തില്‍ നന്നായി പ്രവര്‍ത്തിക്കും' പന്ത് കൂട്ടിച്ചേര്‍ത്തു.
17-ാം ഓവറില്‍ ഹര്‍ദിക് ക്ലാസനെയും തൊട്ടുപിന്നാലെ ബുംറ മാര്‍കോ ജന്സെനെയും പുറത്താക്കിയതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തുകയും 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലോക കിരീടം സ്വന്തമാക്കുകയും ചെയ്തു.
അപകടത്തെ തുടര്‍ന്നുണ്ടായ പരിക്കിനെ തുടര്‍ന്ന് നീണ്ട നാളത്തെ വിശ്രമത്തിന് ശേഷം പന്തിന്റെ ആദ്യ ഐസിസി ടൂര്‍ണ്ണമെന്റായിരുന്നു ലോകകപ്പ്.
Content Highlights: Rishabh Pant reveals actual story behind his fake injury T20 World Cup final