149 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യം; അപൂർവ്വ റെക്കോർഡുമായി ഋഷഭ് പന്ത്

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രമെഴുതി ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്‌സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ താരവുമെന്ന റെക്കോർഡ് ഇനി ഋഷഭിന് സ്വന്തം. ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനിൽ ലഹിരു കുമാരയുടെ പന്തിൽ സിക്‌സർ നേടിയതോടെയാണ് പന്ത് അപൂർവ നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്ക്‌സ്, ന്യൂസീലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ഓസ്‌ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് ഇതിന് മുമ്പ് 100 സിക്‌സറുകൾ അടിച്ചത്.

ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ലിലെത്തുന്ന ആദ്യ താരവും ഋഷഭാണ്. 51 മത്സരങ്ങളാണ് താരം ഇതിനായെടുത്തത്. 149 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രമാണ് ഇതോടെ ഋഷഭ് മാറ്റിയെഴുതിയത്. ഇതിന് മുമ്പ് 82 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ബെൻ സ്റ്റോക്ക്‌സിന്റെ പേരിലായിരുന്നു റെക്കോർഡ്. ഇംഗ്ലീഷ് താരം 138 സിക്‌സറുകളാണ് ആകെ നേടിയത്. ആദം ഗിൽക്രിസ്റ്റ് 92 മത്സരങ്ങളെടുത്തപ്പോൾ ബ്രണ്ടൻ മക്കല്ലം 98 മത്സരങ്ങളുമെടുത്തു. മക്കല്ലത്തിന്റെ അക്കൗണ്ടിൽ ആകെ 107 സിക്‌സറുകളാണുള്ളത്. ഗിൽക്രിസ്റ്റാകട്ടെ 100 സിക്‌സറുകളും നേടി.

ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പന്തിന്റെ പേരിൽ 97 സിക്‌സറുകൾ ഉണ്ടായിരുന്നു. ഈ അപൂർവ്വ നേട്ടത്തിലെത്താൻ അദ്ദേഹത്തിന് മൂന്ന് സിക്‌സറുകൾ കൂടി ആവശ്യമായിരുന്നു. ആദ്യ ഇന്നിങ്‌സിൽ 62 പന്തിൽ നിന്ന് 39 റൺസ് നേടിയപ്പോൾ നാല് ബൗണ്ടറികൾക്കൊപ്പം ഒരു സിക്‌സറും അദ്ദേഹം നേടി. ഈ നാഴികക്കല്ലിലെത്താൻ ഇടംകൈയ്യൻ ബാറ്ററായ ഋഷഭ് രണ്ടാം ഇന്നിങ്‌സിൽ രണ്ട് സിക്‌സറുകൾ കൂടി അടിച്ചു. ഒന്നാം സെഷനിൽ ലഹിരു കുമാരയുടെ പന്തിൽ ഗ്രൗണ്ടിന് പുറത്തേക്ക് പറന്ന കൂറ്റൻ സ്‌ട്രെയ്റ്റ് സിക്‌സറിലൂടെയാണ് ഋഷഭ് റെക്കോർഡിട്ടത്.

Content Highlights: Rishabh Pant becomes the first Indian batsman to hit 100 sixes in Test cricket., He achieved this milestone in just 51 matches, making him the fastest globally., Broke the previous record held by Ben Stokes who took 82 matches., Reached the landmark against Sri Lanka in Galle during the first Test.