'കോലി കുറച്ചുകാലം കൂടി കളിക്കും,എന്നാല്‍ രോഹിത് തീരുമാനമെടുക്കേണ്ട സമയമായി'-രവി ശാസ്ത്രി

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വിക്കുപിന്നാലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ മുന്‍താരം രവി ശാസ്ത്രി. പരമ്പരയ്ക്കുശേഷം രോഹിത് ഒരു തീരുമാനമെടുക്കേണ്ടി വരുമെന്ന് രവി ശാസ്ത്രി വ്യക്തമാക്കി. അതേസമയം വിരാട് കോലി ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുമെന്നും അദ്ദേഹം പറയുന്നു.
'എനിക്ക് തോന്നുന്നത് വിരാട് കോലി കളി തുടരണം എന്നാണ്. കോലി കുറച്ചുനാള്‍ കൂടി തുടരണം. ഇപ്പോള്‍ പുറത്തായ രീതി മറന്നേക്കുക. ചുരുങ്ങിയത് നാല് വര്‍ഷമെങ്കിലും കോലിക്ക് കളത്തില്‍ തുടരാനാകും.
എന്നാല്‍ രോഹിത് ശര്‍മയുടെ കാര്യം അതല്ല. ടോപ് ഓര്‍ഡറില്‍ രോഹിതിന്റെ ഫൂട് വര്‍ക്ക് ഫലപ്രദമല്ല. വിരമിക്കലിനുള്ള സമയം അടുത്തിരിക്കുന്നു. പന്ത് നേരിടുന്നതില്‍ രോഹിത് ശര്‍മ അല്‍പം താമസം നേരിടുന്നുണ്ട്. ഈ പരമ്പരയ്ക്കുശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് രോഹിതാണ്.'രവി ശാസ്ത്രി പറയുന്നു.
രോഹിത് ശര്‍മയ്ക്ക് കീഴില്‍ കഴിഞ്ഞ ആറ് ടെസ്റ്റിലും ഇന്ത്യക്ക് വിജയിക്കാനായിട്ടില്ല. നാട്ടില്‍ ന്യൂസീലന്‍ഡിനോട് കനത്ത തോല്‍വിയാണ് നേരിട്ടത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര ന്യൂസീലന്‍ഡ് തൂത്തുവാരി. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മുതല്‍ ഇതുവരെ 15 ഇന്നിങ്‌സുകളിലായി 164 റണ്‍സാണ് രോഹിത് നേടിയത്. 10.93 ആണ് 37-കാരനായ രോഹിതിന്റെ ബാറ്റിങ് ശരാശരി.
Content Highlights: ravi shastris massive virat kohli rohit sharma remark stuns everyone