പീഡനക്കേസിലെ പ്രതിയായ സന്ദീപ് ലാമിച്ചനയെ ടീമിലുള്‍പ്പെടുത്തി നേപ്പാള്‍ ക്രിക്കറ്റ് ടീം

കീര്‍ത്തിപുര്‍: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ സ്പിന്‍ ബൗളര്‍ സന്ദീപ് ലാമിച്ചനെയെ ടീമിലുള്‍പ്പെടുത്തി നേപ്പാള്‍ ക്രിക്കറ്റ് ടീം. നമീബിയയും സ്‌കോട്‌ലന്‍ഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് സന്ദീപ് ലാമിച്ചനെ ടീമിലിടം നേടിയത്.
നേപ്പാള്‍ ക്രിക്കറ്റ് ടീമിലെ മിന്നും താരമായ സന്ദീപ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ജനുവരി 13 ന് പഠാന്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
10 വര്‍ഷം മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സന്ദീപ് ലാമിച്ചനെ ചെയ്തത്. ജാമ്യം ലഭിച്ചയുടന്‍ ലാമിച്ചനയെ ടീമിലുള്‍പ്പെടുത്തിയ നേപ്പാള്‍ ക്രിക്കറ്റ് ടീമിനെതിരേ പലരും രംഗത്തെത്തിയിട്ടുണ്ട്.
2022 ഒക്ടോബറിലാണ് സന്ദീപ് ലാമിച്ചനെയെ കാഠ്മണ്ഡുവില്‍ വെച്ച് നേപ്പാള്‍ പോലീസ് അറസ്റ്റുചെയ്തതത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജമൈക്ക തല്ലവാസിനുവേണ്ടി കളിക്കുന്നതിനിടെയാണ് ലാമിച്ചനയെ അറസ്റ്റുചെയ്യാനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
22 വയസ്സ് മാത്രം പ്രായമുള്ള സന്ദീപ് 31 ഏകദിനങ്ങളില്‍ നിന്ന് നേപ്പാളിനായി 72 വിക്കറ്റുകളാണ് വീഴ്ത്തിയത്. 44 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റുകളും നേടി. ഐ.പി.എല്ലില്‍ താരം ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിച്ചിട്ടുണ്ട്.
Content Highlights: Rape-accused Nepal bowler Lamichhane included in playing eleven against Namibia