പ്രതീക്ഷകൾക്ക് ജീവന്‍വെയ്പ്പിച്ച് ജലജ്, സക്സസാവുമോ; ഗുജറാത്തിന് ഏഴുവിക്കറ്റ് നഷ്ടം

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ നാലാംദിനം പ്രതീക്ഷകളിലേക്ക് പന്തെറിഞ്ഞ് കേരളം. വ്യാഴാഴ്ച ചായയ്ക്ക് പിരിയുമ്പോള്‍ ഗുജറാത്തിന്റെ ആറുപേരെക്കൂടി പുറത്താക്കി. 128 ഓവര്‍ പിന്നിടുമ്പോല്‍ 383-ന് ഏഴ് എന്ന നിലയിലാണ് ആതിഥേയര്‍.മൂന്നുവിക്കറ്റ് ബാക്കിയിരിക്കേ കേരള ഇന്നിങ്‌സ് സ്‌കോര്‍ മറികടക്കാന്‍ 74 റണ്‍സ്‌കൂടി വേണം ഗുജറാത്തിന്. ജയ്മീത് മനീഷ്ഭായ് പട്ടേലും (47) സിദ്ദാർഥ് ദേശായിയുമാണ് (11) ക്രീസില്‍.
നാലുവിക്കറ്റുമായി ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍വെയ്പ്പിച്ചത്. മൂന്നാംദിനമവസാനിക്കുമ്പോള്‍ 222 റണ്‍സിന് ഒന്ന് എന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നീടുള്ള ആറുവിക്കറ്റുകളും വന്നത് ഇന്നാണ്. സെഞ്ചുറിയുമായി കരുത്തുകാട്ടിയ ഓപ്പണര്‍ പ്രിയങ്ക് പാഞ്ചാലിന്റെ വിക്കറ്റ് നേടാനായത് കേരളത്തിന് ആശ്വാസമായി. ജലജ് സക്‌സേനയ്ക്കാണ് വിക്കറ്റ്. 237 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും സഹിതം 148 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍നിന്ന് പിറന്നത്. ഗുജറാത്തിന്റെ ടോപ് സ്‌കോററും പ്രിയങ്കാണ്. നന്‍ ഹിംഗ്രാജിയെയും (127 പന്തില്‍ 33) വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലിനെയും (25) ക്യാപ്റ്റൻ ചിന്തൻ ഗജയെയും (2) സക്സേനതന്നെ മടക്കി. ഹേമങ് പട്ടേലിനെ (27) എം.ഡി. നിധീഷും വിഷാല്‍ ജയ്‌സ്വാളിനെ (14) ആദിത്യ സര്‍വതെയും പുറത്താക്കി.
നേരത്തേ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് 457 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടു ദിവസവും മൂന്നാംദിവസത്തിലെ ഒരു മണിക്കൂറുമടക്കം 187 ഓവറുകളോളം നീണ്ടതായിരുന്നു കേരളത്തിന്റെ ഇന്നിങ്‌സ്. കേരളത്തിന്റെ പത്തുതാരങ്ങളെ എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്തിന് 1,122 പന്തുകളെറിയേണ്ടിവന്നു. അപ്പോഴും ടോപ് സ്‌കോറര്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഗുജറാത്തിന് തൊടാനായില്ല. 341 പന്തുകളില്‍ നിന്ന് ഒരു സിക്‌സും 20 ബൗണ്ടറികളുമടക്കം 177 റണ്‍സുമായി അസ്ഹര്‍ അപരാജിതനായി തുടര്‍ന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യരണ്ടുദിവസം മുഴുവന്‍ ബാറ്റുചെയ്തു. അസ്ഹറും സല്‍മാന്‍ നിസാറും ഉള്‍പ്പെടെയുള്ളവര്‍ സ്വതസിദ്ധമായ ശൈലി വിട്ട് വളരെ ക്ഷമയോടെയാണ് ബാറ്റുവീശിയത്. ജയം എന്നതിലുപരി, ഒന്നാം ഇന്നിങ്സിലെ ലീഡ് എന്നതിലായിരുന്നു കേരളത്തിന്റെ കണ്ണ്. ബാറ്റെടുത്തവരെല്ലാം ആ ഉദ്ദേശ്യംവെച്ച് കളിച്ചതോടെ മാന്യമായ ടീം ടോട്ടലായി.
Content Highlights: ranji trophy cricket kerala vs gujarat