രോഹൻ കുന്നുമ്മലിന് സെഞ്ചുറി; വിയർത്ത് ഗോവ, കേരളം 237-2

#സ്പോർട്സ് ഡെസ്ക്
രോഹന്‍ കുന്നുമ്മല്‍ | Photo: facebook/ kca
രോഹന്‍ കുന്നുമ്മല്‍ | Photo: facebook/ kca

പനജി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്‌ക്കെതിരേ കേരളം ശക്തമായ നിലയിൽ. രണ്ടാംദിനം കളിയവസാനിക്കുമ്പോൾ ഒന്നാമിന്നിങ്‌സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ് കേരളം. സെഞ്ചുറി തികച്ച രോഹൻ കുന്നുമ്മലാണ് കേരളത്തിനായി തിളങ്ങിയത്. രോഹൻ 132 റൺസുമായി ക്രീസിലുണ്ട്. നേരത്തേ ആദ്യ ഇന്നിങ്‌സിൽ ഗോവ 355 റൺസിന് പുറത്തായിരുന്നു. നിലവിൽ 118 റൺസ് പിന്നിലാണ് കേരളം.

എട്ടുവിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഗോവയ്ക്ക് സമാർ ദുബാഷിയുടെ പ്രകടനമാണ് തുണയായത്. താരം അർധസെഞ്ചുറിയോടെ തിളങ്ങിയപ്പോൾ സ്‌കോർ 350 കടന്നു. അമൂല്യ പൺട്രേക്കർ 10 റൺസെടുത്തും കൗഷിക് 21 റൺസെടുത്തും പുറത്തായി. സമർ 55 റൺസോടെ പുറത്താവാതെ നിന്നു. 355 റൺസിനാണ് ഗോവൻ ഇന്നിങ്‌സ് അവസാനിച്ചത്. കേരളത്തിനായി അങ്കിത് ശർമ ആറുവിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റേത് തകർപ്പൻ തുടക്കമായിരുന്നു. ഗോവൻ ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട രോഹൻ കുന്നുമ്മലും അഭിഷേക് ജെ. നായരും സ്‌കോറുയർത്തി. ടീം സ്‌കോർ 97 ൽ നിൽക്കേയാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അഭിഷേക് 32 റൺസെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റിൽ സച്ചിൻ ബേബിയുമായി ചേർന്ന് രോഹൻ കേരളത്തെ മുന്നോട്ടുനയിച്ചു. ഗോവൻ ബൗളർമാർക്ക് പിടികൊടുക്കാതെ ബാറ്റേന്തിയ രോഹൻ സെഞ്ചുറി തികച്ചതോടെ കേരളം ശക്തമായ നിലയിലായി. സച്ചിൻ ബേബി 37 റൺസെടുത്ത് പുറത്തായി. സൽമാൻ നിസാറും(25) രോഹൻ കുന്നുമ്മലുമാണ്(132) ക്രീസിൽ.

Content Highlights: kerala goa ranji trophy cricket