രമേഷ് പവാർ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റിയിലേക്ക്; പ്രഗ്യാൻ ഓജ ചീഫ് സെലക്ടറായേക്കും

മുംബൈ: മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയിലേക്കെന്ന് റിപ്പോർട്ട്. അജിത് അഗാർക്കറുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഒഴിവുവന്ന സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചത്. മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ പുതിയ ചീഫ് സെലക്ടറായി സെലക്ഷൻ പാനലിനെ നയിക്കാനാണ് സാധ്യത.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള പവാർ, ഇന്ത്യക്കായി രണ്ട് ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. ഒക്ടോബർ 15-ന് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നടത്തിയ അഭിമുഖത്തിൽ വസീം ജാഫർ, കോണർ വില്യംസ്, ജേക്കബ് മാർട്ടിൻ എന്നിവർക്കൊപ്പം പവാറും പങ്കെടുത്തിരുന്നു. തുടക്കത്തിൽ ജൂനിയർ സെലക്ഷൻ കമ്മിറ്റി തലവനാകാനാണ് പവാറിനെ പരിഗണിച്ചിരുന്നതെങ്കിലും, പിന്നീട് അദ്ദേഹത്തെ സീനിയർ സെലക്ഷൻ പാനലിലേക്ക് ഉൾപ്പെടുത്താൻ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
അതേസമയം, അഗാർക്കർക്ക് പകരക്കാരനായി പരിഗണിക്കപ്പെട്ടിരുന്ന മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ ഈ പദവിയിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ല. സെലക്ഷൻ കമ്മിറ്റിയിൽ വരുത്തുന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി, സെന്റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ്. ലക്ഷ്മൺ ഇനിമുതൽ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കാളിയാകുമെന്നാണ് സൂചന. കളിക്കാരുടെ പരിക്കുകളും ലഭ്യതയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സെലക്ടർമാർക്ക് ലഭിക്കാൻ ലക്ഷ്മണിന്റെ സാന്നിധ്യം സഹായിക്കും. കൂടാതെ, ജൂനിയർ സെലക്ഷൻ കമ്മിറ്റി തലവനായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേഷ് തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Former Indian spinner Ramesh Powar is set to join the BCCI senior selection committee., Pragyan Ojha is likely to become the new chief selector., V.V.S. Laxman will attend selection committee meetings to coordinate player injuries and availability., Dodda Ganesh is expected to be chosen as the junior selection committee head.