'അന്ന് ആദ്യമായി സച്ചിനെ അസന്തുഷ്ടനായി കണ്ടു'; ദ്രാവിഡിന്റെ വിവാദ ഡിക്ലറേഷനെ കുറിച്ച് മുന്‍താരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സംഭവമാണ് 2004 മുള്‍ട്ടാന്‍ ടെസ്റ്റിനിടെയുണ്ടായ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത ഡിക്ലറേഷന്‍. വീരേന്ദര്‍ സെവാഗിന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറി പിറന്ന മത്സരമെന്ന നിലയില്‍ പ്രസിദ്ധമായ ടെസ്റ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 194-ല്‍ നില്‍ക്കേ ഇന്ത്യന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ദ്രാവിഡിന്റെ നടപടി അന്ന് ഏറെ വിവാദങ്ങളുയര്‍ത്തി. സച്ചിനും ദ്രാവിഡും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന തരത്തില്‍വരെയെത്തി കാര്യങ്ങള്‍. ഇപ്പോഴിതാ ആ സംഭവത്തിനു ശേഷം ഡ്രസ്സിങ് റൂമിലെ സാഹചര്യങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അന്ന് ടീമിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
അന്നാണ് സച്ചിനെ ആദ്യമായി അസന്തുഷ്ടനായി കണ്ടതെന്നും ചോപ്ര വ്യക്തമാക്കി. ''ആ സമയം ഞാന്‍ ഡ്രസ്സിങ് റൂമിലായിരുന്നു. പക്ഷേ ആ (ഡിക്ലറേഷനുമായി ബന്ധപ്പെട്ട) സംസാരങ്ങളുടെ ഭാഗമല്ലായിരുന്നു. സത്യം പറഞ്ഞാല്‍ അന്ന് ടീമില്‍ ഞാന്‍ പുതിയ ആളായിരുന്നതിനാല്‍ അത്തരം സംസാരങ്ങളിലേക്ക് കടക്കാന്‍ പോലും ശ്രമിച്ചിരുന്നില്ല. പക്ഷേ അന്ന് പാജി (സച്ചിന്‍) ഒട്ടും സന്തോഷവാനായിരുന്നില്ല. ഞാന്‍ ആദ്യമായാണ് അദ്ദേഹത്തെ അങ്ങനെ അസന്തുഷ്ടനായി കാണുന്നത്. അദ്ദേഹം ഒരിക്കലും നിയന്ത്രണം വിട്ട് ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല. അന്നും അദ്ദേഹം ദേഷ്യപ്പെട്ടൊന്നും ഇല്ല, പക്ഷേ അദ്ദേഹം പൂര്‍ണമായും അസന്തുഷ്ടനായിരുന്നു. എന്തോ ഒന്ന് ശരിയല്ലാത്ത പോലെ തോന്നിയിരുന്നു.'' - അഭിമുഖത്തില്‍ ചോപ്ര പറഞ്ഞു.
അതേസമയം അന്നത്തെ ഡിക്ലറേഷന്‍ തീരുമാനം ടീം മാനേജ്മെന്റ് എടുത്തതാകാമെന്നും അല്ലാതെ ദ്രാവിഡ് സ്വന്തമായി എടുത്ത തീരുമാനമാകില്ല അതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
''രാഹുല്‍ ദ്രാവിഡാണ് ഡിക്ലറേഷന്‍ അറിയിച്ചത്. പക്ഷേ ദാദ (ഗാംഗുലി) അന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്നു. അദ്ദേഹം ആ മത്സരത്തില്‍ (പരിക്ക് കാരണം) കളിച്ചിരുന്നില്ല. അദ്ദേഹവും ഈ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ക്യാപ്റ്റന്റെ മാത്രം തീരുമാനമായിരുന്നില്ല.'' - ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം നാലു ദിവസത്തിനുള്ളില്‍ മത്സരം അവസാനിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഡിക്ലയര്‍ ചെയ്യില്ലായിരുന്നുവെന്ന് മത്സര ശേഷം ദ്രാവിഡ് പറഞ്ഞിരുന്നു. ആ സമയം പാകിസ്താനെ ബാറ്റിങ്ങിന് ഇറക്കിയാല്‍ പിച്ചിന്റെ മോശം അവസ്ഥയും ഒപ്പം പാക് താരങ്ങളുടെ ക്ഷീണിച്ച അവസ്ഥയും മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡിക്ലറേഷന്‍ തീരുമാനമെടുത്തതെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.
Content Highlights: Akash Chopra reveals Sachin Tendulkar`s reaction to Rahul Dravid`s controversial declaration