‘ഗിൽ ഇങ്ങനെ തുടർന്നാൽ, ആ തീരുമാനം എടുക്കണം’; കടുപ്പിച്ച് അശ്വിൻ

#സ്പോർട്സ് ഡെസ്ക്
Photo: AFP
Photo: AFP

ന്യൂഡൽഹി: ഇന്ത്യയുടെ ടി20 ഉപനായകൻ ശുഭ്മാൻ ഗില്ലിന്റെ നിലവിലെ പ്രകടനത്തിൽ ആശങ്കയുണ്ടെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ. ഗില്ലിന് അവസരങ്ങൾ നൽകണമെന്നും എന്നിട്ടും മെച്ചപ്പെട്ട പ്രകടനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ കടുത്ത തീരുമാനം എടുക്കണമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്നതാണ് ഗില്ലിന്റെ പ്രകടനം. ഗിൽ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന് ആദ്യ പതിനൊന്നിൽ ഇടംപിടിക്കാനുമായില്ല.

"എനിക്ക് ചെറിയ ആശങ്കയുണ്ട്. ശുഭ്മാൻ ഓപ്പണർ മാത്രമല്ല, വൈസ് ക്യാപ്റ്റനും കൂടിയാണ്. വൈസ് ക്യാപ്റ്റനെ എങ്ങനെയാണ് പുറത്താക്കുക? അത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരിക്കും. ഈ പരമ്പരയിൽ എന്തായാലും സഞ്ജു സാംസണിനെ ഉൾപ്പെടുത്താൻ കഴിയില്ല, കാരണം വൈസ് ക്യാപ്റ്റനെ പുറത്തിരുത്തുന്നത് നല്ലതല്ല. മുൻപ് വൈസ് ക്യാപ്റ്റൻമാരെ പുറത്തിരുത്തിയിട്ടുണ്ടോ എന്ന് ചോദിക്കാം. അദ്ദേഹത്തെ പരിഗണിക്കുകയും ന്യായമായ അവസരം നൽകുകയും വേണം. അഞ്ച് കളികളിൽ അദ്ദേഹം ഫോം കണ്ടെത്താതെ വന്നാൽ, മറ്റു തീരുമാനങ്ങൾ എടുക്കേണ്ടി വരും."- അശ്വിൻ പറഞ്ഞു.

"ശുഭ്മാൻ റണ്ണെടുക്കുന്നില്ലെങ്കിൽ, അദ്ദേഹം അവിടെ തുടരണമോ അതോ സാംസൺ കളിക്കണമോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്. ഗിൽ കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ റണ്ണെടുക്കുന്നത് കാണേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തുന്നതാണ് ഗില്ലിന്റെ ബാറ്റിങ്. ആദ്യ മത്സരത്തിൽ നാലുറൺസെടുത്ത് പുറത്തായ താരം രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി മടങ്ങി. മൂന്നാം ടി20 യിൽ 28 പന്തിൽ 28 റൺസാണ് താരത്തിന്റെ സമ്പാദ്യം. ഗിൽ ടീമിലെത്തിയതോടെ ഓപ്പണറായിരുന്ന മലയാളി താരം സഞ്ജു സാംസണിന് പുറത്തിരിക്കേണ്ടിയും വന്നു.

ടി20 ലോകകപ്പ് അടുത്തെത്തി നിൽക്കേയാണ് അശ്വിൻ ഉൾപ്പെടെയുള്ളവർ ഗില്ലിന്റെ ഫോമിൽ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ടി20 ലോകകപ്പിനുള്ള മികച്ച ഇലവനെയും മികച്ച സ്ക്വാഡിനെയും നേരത്തേ അറിഞ്ഞിരിക്കണമെന്നും അശ്വിൻ പ്രതികരിച്ചു. ബൗളിങ്ങിൽ സംശയങ്ങളൊന്നും ഇല്ലെന്ന് കരുതുന്നു. ആ വിഭാഗം ഉറപ്പിച്ചതാണ്. ഹർഷിത് റാണ തന്റെ കഴിവ് പുറത്തെടുക്കുന്നത് നല്ല വാർത്തയാണ്.- അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: R Ashwin demands Shubman Gill’s performance review after South Africa series