സച്ചിന്റെ വിക്കറ്റെടുത്താല്‍ സ്‌പെഷ്യല്‍ സമ്മാനം, പ്രഗ്യാന്‍ ഓജയ്ക്ക് പിഴച്ചില്ല

മുംബൈ: ഐ.പി.എല്ലിൽ സച്ചിൻ തെണ്ടുൽക്കറുടെ വിക്കറ്റ് വീഴ്ത്തിയതിന് ഡെക്കാൻ ചാർജേഴ്സ് ഉടമ തനിക്ക് നൽകിയ സ്പെഷ്യൽ സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻതാരം പ്രഗ്യാൻ ഓജ. 2009-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐ.പി.എല്ലിൽ ഡെക്കാൻ ചാർജേഴ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഈ സംഭവമുണ്ടായത്. വിസ്ഡൺ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഓജ.
'2009-ൽ ഡർബനിൽ മുംബൈ ഇന്ത്യൻസിനെതിരേയാണ് മത്സരം. ആ മത്സരത്തിന് മുമ്പ് ടീം ഉടമ എന്റെ അടുത്തെത്തി. അദ്ദേഹത്തിന് എന്നെ നേരത്തെ അറിയാമായിരുന്നു. പ്രാദേശിക ക്ലബ്ബുകൾക്കുവേണ്ടി കളിക്കുമ്പോഴുള്ള പരിചയമായിരുന്നു അത്. അന്ന് അദ്ദേഹം എനിക്കൊരു വാഗ്ദ്ധാനം നൽകി. സച്ചിന്റെ വിക്കറ്റെടുത്താൽ ഒരു വാച്ച് സമ്മാനമായി നൽകാമെന്ന്. എനിക്ക് വാച്ചിനോടുള്ള ഇഷ്ടം അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെ അതു സംഭവിക്കുകയും ചെയ്തു. ഞാൻ സച്ചിന്റെ വിക്കറ്റ് വീഴ്ത്തി. അദ്ദേഹം വാക്കുപാലിച്ചു'. ഓജ അഭിമുഖത്തിൽ പറയുന്നു.
അന്ന് സച്ചിന്റേതുൾപ്പെടെ മൂന്നു വിക്കറ്റാണ് ഓജ നേടിയത്. കളിയിലെ താരവും ഓജയായിരുന്നു. ആ വിക്കറ്റ് സ്‌പെഷല്‍ ആയിരുന്നെന്നും സച്ചിനെപ്പോലെ ഒരാളെ പുറത്താക്കാനായതിൽ സന്തോഷം തോന്നിയെന്നും ഓജ കൂട്ടിച്ചേർത്തു.
24 ടെസ്റ്റിൽ നിന്ന് 113 വിക്കറ്റെടുത്ത ഓജ 2013-ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. സച്ചിൻ വിരമിക്കൽ പ്രഖ്യാപിച്ച വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഓജയും അവസാനമായി കളിച്ചത്. അന്ന് 10 വിക്കറ്റ് വീഴ്ത്തി കളിയിലെ താരവുമായി. ഈ വർഷം ഫെബ്രുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനും ഡെക്കാൻ ചാർജേഴ്സിനും വേണ്ടി കളിച്ചു. 2010 ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവുമായി.
Content Highlights: