പെര്‍ത്ത് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ന്നു; ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് നഷ്ടം 17 കോടിയിലേറെ

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ടെസ്റ്റ് പരമ്പരയാണ് ആഷസ്. ഒന്നാം ടെസ്റ്റിന് വേദിയായ പെര്‍ത്തില്‍ പക്ഷേ ഇരു ടീമിലെയും ബൗളര്‍മാരും നാലാം ഇന്നിങ്‌സില്‍ ഓസീസിനായി ട്രാവിസ് ഹെഡും നിറഞ്ഞാടിയപ്പോള്‍ മത്സരം രണ്ട് ദിവസത്തിനുള്ളില്‍ തീര്‍ന്നു. ഇതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് സംഭവിച്ചിരിക്കുന്നത് കോടികളുടെ വരുമാന നഷ്ടമാണ്.
പെര്‍ത്തില്‍ ഒന്നാം ദിനം വീണത് 19 വിക്കറ്റുകളാണ്. അതില്‍ ഏഴും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേരിലായിരുന്നു. എന്നാല്‍ പിന്നീട് ബാറ്റിങ് സാഹചര്യം മെച്ചപ്പെട്ടത് ബാറ്റര്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വീണ്ടും ഓസീസ് ബൗളിങ്ങിനു മുന്നില്‍ വിറച്ചു. ഫലമോ ട്രാവിസ് ഹെഡിന്റെ വെടിക്കെട്ട് സെഞ്ചുറി മികവില്‍ 28.2 ഓവറില്‍ ജയിക്കാന്‍ ആവശ്യമായ 205 റണ്‍സ് നേടിയ ഓസീസ് അനായാസം ജയിച്ചുകയറി.
എന്നാല്‍ മത്സരം ഇത്ര പെട്ടെന്ന് അവസാനിച്ചത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗാര്‍ഡിയനിലെ റിപ്പോര്‍ട്ട് അനുസരിച്ച് മൂന്ന് ദശലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 17,35,94,880 രൂപ) ആണ് ഓസീസിന് നഷ്ടം വരിക.
ടെസ്റ്റിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ 101,514 പേരാണ് കളികാണാനെത്തിയത്. വെള്ളിയാഴ്ച 51,531 പേരും ശനിയാഴ്ച 49,983 പേരും എത്തി. മൂന്നാം ദിവസവും നാലാം ദിവസവും സമാനമായ എണ്ണം ആളുകളെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതിനകം മത്സരം തീര്‍ന്നു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ റീഫണ്ട് നയം അനുസരിച്ച് മത്സരം നടക്കാത്ത ഒരു ദിവസത്തെ ടിക്കറ്റ് കൈവശമുള്ള ആള്‍ക്ക് പോലും പൂര്‍ണമായ റീഫണ്ടിന് അര്‍ഹതയുണ്ട്. ഇത്തരത്തില്‍ റദ്ദാക്കിയ ദിവസങ്ങളിലെ സിംഗിള്‍ ഡേ ടെസ്റ്റ് ടിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്കെല്ലാം ക്രിക്കറ്റ് ഓസ്ട്രേലിയ ടിക്കറ്റ് തുക തിരികെ നല്‍കണം.
എന്നാല്‍ സാമ്പത്തിക ആഘാതം ടിക്കറ്റ് വരുമാനത്തിനപ്പുറമാണെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്‍ബെര്‍ഗ് പറയുന്നത്. മത്സരം രണ്ടു ദിവസമായി ചുരുങ്ങിയതോടെ അത് പ്രക്ഷേപകരേയും സ്‌പോണ്‍സര്‍മാരെയും ബാധിച്ചതായും ഗ്രീന്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി.
Content Highlights: The Ashes Test in Perth concluded in just two days, leading to a significant revenue loss for Cricket Australia due to early finish and ticket refunds. Discover the financial impact