'വെള്ളം ചുമന്ന് ചുമന്ന് ഒരു വലിയ വീട് പണിതു'; 2003 ലോകകപ്പിലെ തന്റെ റോളിനെക്കുറിച്ച് മുന്‍താരം

മുംബൈ: ഒരു കോമഡി ഷോയില്‍ പങ്കെടുക്കവെ 2003 ലോകകപ്പുമായി ബന്ധപ്പെട്ട രസകരമായ പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. ഷോയിലെ ആശയവിനിമയത്തിനിടെ വെള്ളം ചര്‍ച്ചാ വിഷയമായപ്പോള്‍, 2003 ലോകകപ്പ് മുഴുവന്‍ വെള്ളം ചുമന്ന് ഒരു 'വലിയ വീട്' നിര്‍മിച്ചതായി പാര്‍ഥിവ് തമാശരൂപേണ പറഞ്ഞു.
2002-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ താരമാണ് പാര്‍ഥിവ്. 2003 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പറായതിനാല്‍ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
''വെള്ളത്തെക്കുറിച്ച് പറയേണ്ട, 85 ഏകദിനങ്ങളില്‍ ഞാന്‍ വെള്ളം കൊണ്ടുപോയിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് വിക്കറ്റ് കീപ്പര്‍ ആയിരുന്നപ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുനടന്നിരുന്നു. 2003 ലോകകപ്പ് മുഴുവന്‍ ഞാന്‍ വെള്ളം കൊടുത്തിരുന്നു. ആ സമയത്ത് വെള്ളം കൊണ്ടുനടന്ന് ഞാന്‍ ഒരു വലിയ വീട് പണിതു.'' - ഷോയ്ക്കിടെ പാര്‍ഥിവ് പറഞ്ഞു.
17 വര്‍ഷവും 152 ദിവസവും പ്രായമുള്ളപ്പോഴാണ് പാര്‍ഥിവ് ഇന്ത്യയ്ക്കായി അരങ്ങേറുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലായിരുന്നു അരങ്ങേറ്റം. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും പാര്‍ഥിവ് ഇതോടെ സ്വന്തമാക്കിയിരുന്നു.
2018-ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പാര്‍ഥിവ് തന്റെ അവസാന മത്സരം കളിച്ചത്. 2020 ഡിസംബറില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. 25 ടെസ്റ്റുകളിലും 38 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങി.
Content Highlights: Former Indian cricketer Parthiv Patel humorously shares his experience of carrying water during the 2003 Cricket World Cup, highlighting his limited playing time and dedication.