വിരാട് കോലിയുടെ വൺ8 ഷൂകൾ ധരിച്ച് പാക് വനിതാ താരങ്ങൾ; ചർച്ചയായി ചിത്രങ്ങൾ

ദുബായ്: ഏഷ്യാ കപ്പിനിടെ ഇന്ത്യൻ താരം വിരാട് കോലി സഹസ്ഥാപകനായ സ്‌പോർട്‌സ് ബ്രാൻഡിന്റെ ഷൂകൾ ധരിച്ച് മത്സരത്തിനിറങ്ങി പാക് വനിതാ താരങ്ങൾ. 'വൺ8' എന്ന ബ്രാൻഡിന്റെ ഷൂസാണ് പാക് താരങ്ങളായ നഷ്ര സന്ധു, എയ്മാൻ ഫാത്തിമ എന്നിവർ ധരിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായുകയും ചെയ്തു. ഇന്ത്യയുടെ പ്രധാനപ്പെട്ട ക്രിക്കറ്റ് താരങ്ങളിലൊരാളുമായി ബന്ധമുള്ള ഒരു ബ്രാൻഡ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾ ധരിച്ചതിലുള്ള കൗതുകമാണ് പലരും ചൂണ്ടിക്കാട്ടിയത്.
സ്പിന്നറായ നഷ്ര സന്ധു ഹോങ്കോങ്ങിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാല് ഓവറിൽ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് അവർ ആറ് വിക്കറ്റ് വീഴ്ത്തി. ഇതോടെ ഹോങ്കോങ് 71 റൺസിന് പുറത്തായി. പാകിസ്താൻ 72 റൺസിന് വിജയിക്കുകയും ചെയ്തു. ഇനി സെമി ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് പാകിസ്താന്റെ മത്സരം.
ഫൂട്ട്‌വെയർ, വസ്ത്രങ്ങൾ, മറ്റ് കായിക ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്‌പോർട്‌സ്‌വെയർ ബ്രാൻഡാണ് വൺ8. 2023-ൽ ബെംഗളൂരുവിൽ തുടങ്ങിയ അജിലിറ്റാസ് എന്ന കമ്പനിയുമായി ചേർന്നാണ് വൺ8 പുറത്തിറക്കുന്നത്. ഈ കമ്പനിയിൽ കോലിക്ക് 40 കോടി രൂപ നിക്ഷേപവുമുണ്ട്.
Content Highlights: Pakistan women cricketers wore Virat Kohli's one8 brand shoes during the Asia Cup match against Hong Kong., Nashra Sandhu and Eymaan Fatima were spotted wearing the footwear in viral photos and videos., Nashra Sandhu took a career-best 6 wickets for 7 runs, leading Pakistan to a 72-run victory and semi-final spot., one8 is a sportswear brand co-founded by Virat Kohli and managed through Agilitas.