ജയിച്ചത് U19 ഏഷ്യാ കപ്പ്; പുഷ്പവൃഷ്ടി, വിക്ടറി പരേഡ്, കേക്ക് മുറി, പാകിസ്താനിൽ ലോകകപ്പ് ജയിച്ച ആഘോഷം

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിനെ തോൽപ്പിച്ച് പാകിസ്താൻ ടീം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. ഈ വിജയത്തിനു പിന്നാലെ വമ്പൻ ആഘോഷങ്ങളാണ് പാകിസ്താനിൽ നടക്കുന്നത്. ഒരു അണ്ടർ 19 ഏഷ്യാ കപ്പ് വിജയത്തിൽ പാകിസ്താനിൽ നടക്കുന്ന ആഘോഷങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റർനെറ്റ് ലോകം.
പാക് യുവനിരയുടെ രണ്ടാമത്തെ അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണിത്. കിരീടം നേടിയ ശേഷം ഇസ്ലാമാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയ പാക് ടീമിന് കാണികളുടെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ടീം വന്നിറങ്ങിയ ശേഷമുള്ള കാണികളുടെ ആഘോഷത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ടീം വിമാനമിറങ്ങുന്നതിനു മുമ്പുതന്നെ വിമാനത്താവള ടെർമിനലിന് പുറത്ത് പാക് ആരാധകർ ഒത്തുകൂടിയിരുന്നു. മുദ്രാവാക്യങ്ങൾ വിളിച്ചും പാക് പതാക വീശിയും ഡ്രമ്മുകൾ മുഴക്കിയും അവർ രംഗം കൊഴുപ്പിച്ചു. കളിക്കാർ പുറത്തിറങ്ങിയതിനു പിന്നാലെ പുഷ്പവൃഷ്ടി നടത്തി.
പാക് കളിക്കാർ വിമാനത്താവളത്തിന് പുറത്തെത്തിയതോടെ മാധ്യമങ്ങളും ആരാധകരും അവരെ വളഞ്ഞു. തുടർന്ന് ഇസ്ലാമാബാദ് നഗരത്തിൽ ഒരു വിക്ടറി പരേഡും നടന്നു. ഒരു അണ്ടർ 19 ഏഷ്യാ കപ്പ് വിജയം ആഘോഷിക്കുന്ന പാക് ആരാധകരെ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടീം ലോകകപ്പ് ജയിച്ചതുപോലെയാണ് ആഘോഷങ്ങളെന്ന് പലരും കമന്റ് ചെയ്തു.
കിരീടാഘോഷം വിമാനത്തിൽവെച്ചു തന്നെ തുടങ്ങിയിരുന്നു. ഫർഹാൻ യൂസഫിന്റെ നേതൃത്വത്തിലുള്ള ടീം പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. വിമാനത്തിലെ യാത്രക്കാരും കാബിൻ ക്രൂവും ആഘോഷത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഇന്ത്യയെ 191 റൺസിനാണ് പാകിസ്താൻ തോൽപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 50 ഓവറിൽ എട്ട് വിക്കറ്റിന് 347 റൺസെടുത്തു. ഇന്ത്യയുടെ മറുപടി 26.2 ഓവറിൽ 156 റൺസിലൊതുങ്ങി. 172 റൺസ് നേടിയ മിൻഹാസാണ് കളിയിലെയും ടൂർണമെന്റിലെയും താരം.
Content Highlights: Pakistan`s U19 cricket team celebrated their Asia Cup victory with immense fanfare, including a grand parade and airport reception. See the astonishing celebrations!