ഇന്ത്യ തലപുകയ്ക്കുമ്പോള്‍ കൂളായി പാകിസ്താന്‍; ടീമിനെക്കുറിച്ച് സൂചന നല്‍കി ബാബര്‍ അസം

കായികലോകത്തിന്റെ കണ്ണുകളെല്ലാം ശ്രീലങ്കയിലെ പല്ലെക്കലെ സ്റ്റേഡിയത്തിലേക്കാണ്. അവിടെ വെച്ചാണ് ഏഷ്യാ കപ്പിലെ ഇന്ത്യയും പാകിസ്താനും തമ്മിനുള്ള ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നടക്കുന്നത്. ക്രിക്കറ്റ്‌ലോകം കാത്തിരിപ്പിലാണ്. ശനിയാഴ്ച ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമുയരുമെന്നതില്‍ തര്‍ക്കമില്ല. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തെറിഞ്ഞ പാകിസ്താന്‍ വിജയം ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയ്‌ക്കെതിരേ ഇറങ്ങുന്നത്. ചിരവൈരികളായ പാകിസ്താനെ കീഴടക്കി ടൂര്‍ണമെന്റില്‍ കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
പാകിസ്താനെ നേരിടാനൊരുങ്ങുമ്പോള്‍ ബാറ്റിങ് ഓര്‍ഡറാണ് ഇന്ത്യയെ കുഴക്കുന്നത്. കെ.എല്‍ രാഹുല്‍ പരിക്കേറ്റ് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് പുറത്തായതിനാല്‍ പകരം ആരെ കളിപ്പിക്കുമെന്നതാണ് പ്രതിസന്ധി. വിക്കറ്റ് കീപ്പര്‍ ഇഷന്‍ കിഷാനാണ് സാധ്യത കൂടുതലെങ്കിലും താരത്തെ ഏത് പൊസിഷനില്‍ ബാറ്റിങ്ങിന് ഇറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. ഇഷാന്‍ കിഷന്‍ ഓപ്പണറായി ഇറങ്ങി മികച്ച പ്രകടനമാണ് നേരത്തേ കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ താരത്തെ ഓപ്പണറാക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ മൂന്നാമനായി ഇറങ്ങേണ്ടി വരും. നാലാമനായി കോലി കളിക്കേണ്ടതായും വരും. കോലിക്ക് ഈ പൊസിഷനില്‍ തിളങ്ങാനാവുമോ എന്ന ആശങ്കയുണ്ട്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ടീമിലെ സ്ഥാനവും പരിഗണനാവിഷയമാണ്. ഇഷാന്‍ കിഷന്റെ മധ്യനിരയിലെ പ്രകടനം അത്ര മികച്ചതല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ ഈ തലവേദനയൊന്നും പാകിസ്താനില്ല. സൂപ്പര്‍ പോരാട്ടത്തിന് മുന്നോടിയായി ടീമിനെക്കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബാബര്‍ അസം ഇന്ത്യയ്‌ക്കെതിരായ ടീമിനെക്കുറിച്ച് വ്യക്തത നല്‍കിയത്. നേപ്പാളിനെതിരേ മൈതാനത്തിറങ്ങിയ ടീം തന്നെയാണ് ഇന്ത്യയ്‌ക്കെതിരേയും കളിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നിരവധി സൂപ്പര്‍ താരങ്ങളടങ്ങിയതാണ് പാക് നിര. ബാബറിനൊപ്പം മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവര്‍ ബാറ്റിങ് നിരയ്ക്ക് കരുത്തുപകരും. ഓള്‍റൗണ്ടറായി ശദബ് ഖാനും ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരും ചോരുമ്പോള്‍ പാകിസ്താന്‍ കടുത്ത വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ നോപ്പാളിനെ 238 റണ്‍സിനാണ് പാക് പട തകര്‍ത്തത്. ബാബര്‍ അസമും ഇഫ്തിഖര്‍ അഹമ്മദും സെഞ്ചുറി പ്രകടനം കാഴ്ചവെച്ചപ്പോള്‍ ശദബ് ഖാന്‍ നാല് വിക്കറ്റും ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുമെടുത്തു.
പാകിസ്താന്‍ ടീം(നേപ്പാളിനെതിരേ കളിച്ചത്): ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ശദബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്
Content Highlights: Pakistan Reveal Playing XI Ahead Of Asia Cup 2023 Match Against India